കീഴടങ്ങലല്ല, ചെറിയൊരു വിട്ടുവീഴ്ച മാത്രം..!!! ബ്രൂവറി യൂണിറ്റ് അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കുള്ള അനുമതി നല്‍കിയ വിവാദത്തിന് സമാപനം. ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. അനുമതി നല്‍കിയതില്‍ സര്‍ക്കാര്‍ തെറ്റായ ഒന്നും ചെയ്തിട്ടില്ല. അഴിമതിക്ക് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സര്‍ക്കാരാണിത്. കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഈ ഘട്ടത്തിലാണ് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. അതുക്കൊണ്ടു തന്നെ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ അനുവദിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം പുതിയ യൂണിറ്റുകള്‍ക്ക് ഇനി അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ പിറകോട്ട് പോയി എന്നല്ലെന്നും സംസ്ഥാനത്തിന് ആവശ്യമായ പുതിയ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും സംസ്ഥാനത്തിന് പുറത്ത് നിന്ന് വരികയാണ്. ആ സാഹചര്യത്തില്‍ പുതിയ യൂണിറ്റുകള്‍ സംസ്ഥാനത്തിന് ആവശ്യമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇത്തരത്തില്‍ യൂണിറ്റുകള്‍ക്ക് നിയമപ്രകാരം അപേക്ഷകള്‍ തുടര്‍ന്നും നല്‍കാവുന്നതാണ്. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം വകുപ്പ് തത്വത്തില്‍ അംഗീകാരം നല്‍കും. പുതിയ അപേക്ഷ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സംവിധാനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മള്‍ ഒന്നിച്ചുനില്‍ക്കേണ്ട ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ ഒരു തരത്തിലുമുള്ള ആശയകുഴപ്പങ്ങളും ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിപക്ഷത്തിന് വേണ്ടത് ഒരു പുകമറ സൃഷ്ടിക്കുകയാണ്. അതില്ലാതാക്കുകയാണ്, അല്ലാതെ അവരുടെ ആരോപണത്തിന് കീഴടങ്ങുകയല്ല. നാടിന്റെ ആവശ്യത്തിന് വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ചയാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

SHARE