ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കും? യു.ഡി.എഫ് പ്രതീക്ഷിക്കുന്നത് 15 സീറ്റ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കേരളത്തില്‍നിന്നു മത്സരിപ്പിക്കാന്‍ ആലോചന. വയനാട് സീറ്റില്‍ രാഹുലിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലമാണ് വയനാട്. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ഈ സംസ്ഥാനങ്ങളിലും നേട്ടം ഉണ്ടാക്കാനാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ ഈ തീരുമാനം.

ദക്ഷിണേന്ത്യ കോണ്‍ഗ്രസിന് ഒപ്പം നിന്നാല്‍ മോദി ഭരണത്തിന് വിരാമമാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞടുപ്പുകളില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതും കോണ്‍ഗ്രസിന് ആശ്വാസകരമാണ്. ഇതിനിടെ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചേക്കുമെന്ന പ്രചാരണത്തിന് വിശ്വാസ്യത പകര്‍ന്ന് രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അശോക് ഗലോട്ടിന്റെ മെസേജ് എല്ലാ ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കും കിട്ടിയിരുന്നു. എന്നാല്‍ മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റിനും കാസര്‍ഗോഡ് ബ്ലോക്ക് പ്രസിഡന്റിനും മാത്രമാണ് കഴിഞ്ഞ ദിവസം രാഹുലുമായി ഫോണില്‍ സംസാരിക്കാനായത്.

കേരളം 20, തമിഴ്നാട് 39, കര്‍ണാടക 28 ആന്ധ്രാപ്രദേശ് 25, തെലങ്കാന 17, ഗോവ 2 പോണ്ടിച്ചേരിയും ലക്ഷദ്വീപും ഒരോന്നു വീതം എന്നിങ്ങനെ 133 സീറ്റാണ് ദക്ഷിണേന്ത്യയില്‍ ആകയെുളളത്. ഇതില്‍ ആന്ധ്രയില്‍മാത്രമാണ് കോണ്‍ഗ്രസ് വലിയ ഭീഷണി നേരിടുന്നത്. ഉമ്മന്‍ ചാണ്ടി ആന്ധ്രായുടെ ചുമതലയേറ്റതോടെ നേട്ടമുണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. തമിഴ്നാട്ടിലെ ഡി.എം.കെ. സഖ്യവും കര്‍ണാടകയിലെ ജനതാദള്‍ സഖ്യവും ഇരു സംസ്ഥാനങ്ങളും അപ്രതീക്ഷിത നേട്ടത്തിന് കാരണമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണിക്ക് 15 സീറ്റാണ് പ്രതീക്ഷ. എന്നാല്‍ ബി.ജെ.പി. സര്‍ക്കാരിനെ താഴെയിറക്കാനുളള ശ്രമത്തില്‍ കേരളത്തിലെ 20 സീറ്റും ഗുണമാകുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നത്. കോണ്‍ഗ്രസിന് തനിച്ച് 60 സീറ്റും മുന്നണിയിലൂടെ 100 സീറ്റുമാണ് ദക്ഷിണേന്ത്യയില്‍നിന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ ഭരണം ഉറപ്പിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment