ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നില്ല, നാളെയും ചോദ്യം ചെയ്യല്‍ തുടരും:കൂടുതല്‍ തെളിവുകള്‍ക്കായി അറസ്റ്റ് നീട്ടിവെച്ച് അന്വേഷണസംഘം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്നുണ്ടാകില്ല. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലും പൂര്‍ത്തിയായി. നാളെ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യും. ഇന്ന് വൈകിട്ടോടെ ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷണസംഘം അറസ്റ്റ് നീട്ടിവെച്ചു.

ബിഷപ്പ് നല്‍കിയ മൊഴികളിലെ വൈരുധ്യം പോലിസ് പരിശോധിച്ച് വരികയാണ്. ഐജി വിജയ് സാഖറെ ഹൈക്കോടതിയില്‍ എത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്ന് വിഷയത്തില്‍ നിയമോപദേശം തേടി.അതെ സമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ അതിരൂപത ചുമതലകളില്‍ നിന്ന് നീക്കി. വത്തിക്കാനില്‍ നിന്നാണ് ബിഷപ്പിനെ ചുമതലകളില്‍ നിന്ന് നീക്കികൊണ്ടുള്ള ഉത്തരവ് വന്നത്. ആഗ്‌നെലോ റൂഫിനോ ഗ്രെഷ്യസിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

മുംബൈ അതിരൂപത സഹായമെത്രാനാണ് ആഗ്‌നെലോ റൂഫിനോ ഗ്രെഷ്യസ്. അതിനിടെ, ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ശക്തമായി തുടരുകയാണ്. സമരത്തിനുള്ള ആദ്യ പ്രതിഫലമാണ് ബിഷപ്പിനെ ചുമതലകളില്‍ നിന്ന് നീക്കിയതെന്ന് സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. എന്നാല്‍ ബിഷപ്പിന്റെ അറസ്റ്റില്‍ കുറഞ്ഞൊന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ പ്രതികരിച്ചു. താല്‍കാലികമായി ചുമതലകളില്‍ നിന്ന് നീക്കുന്നത് കൊണ്ട് മാത്രം തന്റെ സഹോദരിക്ക് നീതി ലഭിക്കില്ലെന്നും സഹോദരന്‍ പ്രതികരിച്ചു.

രണ്ടാം ദിവസവും തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്ന് വൈകിട്ടോടെ ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. പ്രധാനമായും ബിഷപ്പിന്റെ മൊഴികളിലെ വൈരുധ്യം കണ്ടെത്താനാണ് അന്വേഷണസംഘം ഇപ്പോള്‍ ശ്രമിക്കുന്നത്.

pathram desk 2:
Leave a Comment