പാക് സൈനികരുടെ തല വെട്ടാറുണ്ട്, പക്ഷെ അവ പ്രദര്‍ശിപ്പിക്കാറില്ലെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ പാക്കിസ്ഥാന്‍ സൈനികരുടെ തലകള്‍ വെട്ടാറുണ്ടെന്നും എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ഒരു ദേശീയ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പാക്കിസ്ഥാന്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയാല്‍ തിരിച്ച് പത്ത് പാക് സൈനികരുടെ തല വെട്ടുമെന്ന് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ ബി.ജെ.പി പറഞ്ഞിരുന്നു. ഇത് ശരിക്കും സംഭവിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു പാക്കിസ്ഥാന്‍ സൈനികരുടെ തലകള്‍ ഇന്ത്യന്‍ സൈന്യം വെട്ടാറുണ്ടെന്നും എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നുമുള്ള നിര്‍മല സീതാരാമന്റെ മറുപടി.

2016 പാക് അധിനിവേശ കാശ്മീരില്‍ കടന്ന് മിന്നലാക്രമണം നടത്തി ഇന്ത്യന്‍ സൈന്യം അവരെ ഒരു പാഠം പഠിപ്പിച്ചതാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. പാക് ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ അനുവദിക്കാറില്ലെന്നും അതിര്‍ത്തിയില്‍ വച്ചു തന്നെ അവരെ ഇല്ലാതാക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിന്റെ വിജയങ്ങള്‍ ഞങ്ങള്‍ പരസ്യമാക്കാറില്ല. എന്നാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ഏത് ആക്രമണത്തേയും ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രാപ്തരാണ് എന്ന് അഭിമാനത്തോടെ തനിക്ക് പറയാന്‍ സാധിക്കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular