വനിതാ സഹപ്രവര്‍ത്തകയോടു അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ നേതാവിനെ പുറത്താക്കി

ഇരിങ്ങാലക്കുട: എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് വനിതാ സഹപ്രവര്‍ത്തകയോടു അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിനെയാണ് സിപിഎമ്മില്‍ നിന്നു പുറത്താക്കിയത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. സിപിഎമ്മിലെയും യുവജന സംഘടന ഡിവൈഎഫ്ഐയിലെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഇയാളെ നീക്കിയതായും പാര്‍ട്ടി അറിയിച്ചു.

തിരുവനന്തപുരത്ത് എം.എല്‍.എയുടെ ഹോസ്റ്റലില്‍ വെച്ച് ജീവന്‍ലാല്‍ അപമര്യാദയായി പെരുമാറിയെന്നാണ് വനിതാ പ്രവര്‍ത്തകയുടെ പരാതി. സംഭവത്തില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്തിരുന്നു. ജൂലൈ 11 നാണ് സംഭവം നടന്നത്. നേതാവിന്റെ മോശം പെരുമാറ്റം പാര്‍ട്ടി പ്രാദേശിക നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും നടപടിയെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇന്നലെ കാട്ടൂര്‍ പൊലീസിനെ സമീപിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് കാട്ടൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

മെഡിക്കല്‍ പ്രവേശനത്തിന്റെ കോച്ചിങ്ങിന് സീറ്റ് കിട്ടാന്‍ തിരുവനന്തപുരത്ത് പോയിരുന്നു. ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവ് ആര്‍.എല്‍.ജീവന്‍ലാല്‍ കൂട്ട് വന്നിരുന്നു. ഇരിങ്ങാലക്കുട എം.എല്‍.എയുടെ ഹോസ്റ്റലിലായിരുന്നു താമസം. ഇതിനിടെയാണ്, സ്ത്രീത്വത്തെ അപമാനിക്കും വിധം നേതാവ് പെരുമാറിയതെന്ന് വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു. കാട്ടൂര്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.

pathram desk 1:
Related Post
Leave a Comment