തീവെട്ടിക്കൊള്ള!!! സംസ്ഥാനത്ത് പെട്രോള്‍ വില 82 കടന്നു; പാചക വാതകത്തിന് വര്‍ധിച്ചത് 30 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.04 രൂപയാണ്. ഡീസലിന് 75.53 രൂപയാണ് വില. പാചകവാതക വിലയും കുതിച്ചുയരുകയാണ്. ഗാര്‍ഹിക സിലിണ്ടറിന്റെ വില 30 രൂപ കൂട്ടി 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറിന്റെ വില 1410.50 രൂപയായി. 47 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് ആവശ്യ സാധനങ്ങളുടെ വില കൂടുന്നതും സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുന്നുണ്ട്.

അതേസമയം സബ്സിഡി ഉള്ള സിലിണ്ടറിന് ഒരു രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സബ്സിഡി തുക 279ല്‍ നിന്ന് 308 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു പുറമെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 1410 രൂപയായി.

ഇന്ധന വിലയുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് ഇന്നലെ രംഗത്ത് വന്നിരുന്നു. രാജ്യത്ത് ഇന്ധന വില റെക്കോഡിലെത്തി നില്‍ക്കേ വന്‍ വില കുറവിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളും ഡീസലും വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ഇതു വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ധന വില്‍പന ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. പക്ഷേ ഇത് കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇതിന് അടുത്ത തിരഞ്ഞെടുപ്പില്‍ ജനം തിരിച്ചടി നല്‍കുമെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular