സഹായധനം ദുരിതബാധിതര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തണം, പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണം: ഹൈക്കോടതി

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന പണം ദുരന്തബാധിതര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ഇതിനായി ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാവുന്നതാണെന്നും കോടതി നിര്‍ദ്ദേശിച്ചു.

പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണം കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണമെന്നും ഇതിന് ഹൈക്കോടതി മേല്‍നോട്ടം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജി പരിഗണിച്ചാണ് കോടതി ഇക്കാര്യം ചോദിച്ചത്.

അതേസമയം, പ്രളയദുരിതാശ്വാസത്തിനായി എത്തിയ പണം വേറെ ആവശ്യത്തിനായി ഉപയോഗിക്കില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ്‌സ് ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനായി വിനിയോഗിക്കുന്ന പണത്തിന് കൃത്യമായ കണക്കുണ്ടെന്നും എജി കോടതിയെ അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക ഒറ്റയ്ക്ക് കണ്ടെത്താനാവില്ലെന്നും വിദേശസഹായത്തിനുള്ള സാധ്യതകള്‍ തേടുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പ്രളയദുരിതാശ്വാസത്തിനെന്ന പേരില്‍ മറ്റു സംഘടനകള്‍ സമാഹരിക്കുന്ന തുകയും ഇതേ ആവശ്യത്തിനു തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ സംവിധാനമുണ്ടോയെന്നും ഈ തുക സിഎജി ഓഡിറ്റിങ്ങിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്നും കോടതി ആരാഞ്ഞു.

pathram desk 2:
Related Post
Leave a Comment