മോഹന്‍ലാല്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കും

കൊച്ചി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായകമായി ദുരിതാശ്വാസ നിധിയിലേക്ക് അന്യ സംസ്ഥാനങ്ങളിലെ നടന്മാരൊക്കെ സഹായധനം നല്‍കിയപ്പോള്‍ കേരളത്തിലെ നടീനടന്മാര്‍ ഒന്നും നല്‍കാതിരുന്നത് വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഒടുവില്‍ ഇതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ചൊവ്വാഴ്ച നേരിട്ട് മുഖ്യമന്ത്രിക്ക് തുക കൈമാറും. നേരത്തെ താരസംഘടനായ എ.എം.എം.എ 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരം ജഗദീഷും മുകേഷും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നും ജഗദീഷ് വ്യക്തമാക്കി.

നിരവധി താരങ്ങള്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി രംഗത്ത് വന്നിരുന്നു.
നടന്‍ പ്രഭാസ് ഒരുകോടി രൂപയാണ് കേരളത്തിനുവേണ്ടി സഹായധനം പ്രഖ്യാപിച്ചത്.. തെന്നിന്ത്യന്‍ നടികര്‍സംഘം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചു. താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്. സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ പേരിലാണ് സംഭാവന നല്‍കിയിരിക്കുന്നത്. നടനും മക്കള്‍ നീതി മയ്യം നേതാവുകൂടിയായ കമല്‍ഹാസനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി.

ഇതുകൂടാതെ വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. വിജയുടെ ഫാന്‍സ് അസ്സോസിയേഷന്‍ ദുരിത ബാധിതര്‍ക്ക് സഹായവുമായി നേരിട്ടിറങ്ങുകയും ചെയ്തു. തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലേക്ക് വിജയ് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു.

അതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിന് സഹായം ഒഴുകുകയാണ്. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു. പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തിരുന്നു. എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തി ദുരിതമനുഭവിക്കുന്നവരെ സന്ദര്‍ശിച്ചിരുന്നു.

ദുരന്തത്തെ ഒന്നായി നേരിടാമെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്ന് മഞ്ജു വാരിയര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ‘ഡൂ ഫോര്‍ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജ് കേരളത്തിന് സഹായാഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നത്. ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിങ്ങല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങളും സഹായമഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരുന്നു. എങ്കിലും ഓരോരുത്തരും പണം പ്രഖ്യാപിക്കാതിരുന്നതും വന്‍ വിമര്‍ശനം ഏറ്റുവാങ്ങി.

pathram:
Related Post
Leave a Comment