സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: ലോക്‌സഭ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. 89 വയസായിരുന്നു. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് കൊല്‍ക്കത്തിയിലെ ആശുപത്രിയില്‍ ചികിത്‌സയിലായിരുന്നു. കഴിഞ്ഞദിവസം ഇദ്ദേഹത്തിന് നേരിയ ഹൃദയാഘാതവുമുണ്ടായി. നാലുദിവസങ്ങളിലായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതിനിടയിലാണ് ശനിയാഴ്ച രാവിലെ വീണ്ടും ഹൃദയാഘാതമുണ്ടായത്.

പത്തു തവണ ലോക്‌സഭാംഗമായിരുന്നു സോമനാഥ് ചാറ്റര്‍ജി. 1968 മുതല്‍ സിപിഐഎം അംഗമായിരുന്ന സോമനാഥിനെ 2008ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യ–യുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍, ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം വിസമ്മതിച്ചതായിരുന്നു കാരണം.

പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ തനിക്കു മോഹമുണ്ടെന്നും താന്‍ പാര്‍ട്ടിയുടെ ശത്രുവല്ലെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സോമനാഥ് ചാറ്റര്‍ജി സിപിഐഎമ്മിനു വീണ്ടും അഭിമതനായി മാറുന്നുവെന്നും സൂചനകളുണ്ടായിരുന്നു.

ഇടതു പാര്‍ട്ടികളുടെ അപചയത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലും അദ്ദേഹം സജീവമായിരുന്നു. മായാവതി, ജയലളിത തുടങ്ങിയവരുമായി ഇടതുപാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നതു തനിക്കു സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത സംഗതിയാണെന്നും ഇത്തരം ധാരണകള്‍ക്കു പ്രതികൂല സ്വഭാവം മാത്രമാണുള്ളതെന്നും ചാറ്റര്‍ജി വിമര്‍ശിച്ചു. പാര്‍ട്ടിയിലുള്ളവരുടെ മനസ്സു മാറാതെ താന്‍ തിരികെ പാര്‍ട്ടിയിലേക്കു പോകില്ലെന്നും സോമനാഥ് പറഞ്ഞു.

രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയുടെ അധ്യക്ഷപദവിക്കു കളങ്കമേല്‍ക്കാതിരിക്കാനാണു ഭരണഘടനയ്ക്ക് ഒപ്പം നിന്നുകൊണ്ടു നിര്‍ണായക തീരുമാനമെടുക്കാന്‍ താന്‍ നിര്‍ബന്ധിതനായതെന്നാണു സ്പീക്കര്‍ പദവി വിവാദത്തോട് ചാറ്റര്‍ജി പ്രതികരിച്ചത്. വിശ്വാസ വോട്ടില്‍ സ്പീക്കര്‍ പദം രാജിവച്ചു യുപിഎ സര്‍ക്കാരിനെതിരെ നിലകൊള്ളാന്‍ സിപിഐഎം സോമനാഥിനു മേല്‍ സമ്മര്‍ദംചെലുത്തിയിരുന്നു. എന്നാല്‍, ഭരണഘടനാപദവി വഹിക്കുന്ന താന്‍ പാര്‍ട്ടി തീട്ടൂരങ്ങള്‍ക്ക് അതീതനാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.

Similar Articles

Comments

Advertismentspot_img

Most Popular