സിനിമയ്ക്ക് ആളുകൂടുന്നത് വിജയത്തിന് കാരണമാകും; എന്നാല്‍ കേസിനെ സംബന്ധിച്ച് ആള് കൂടുന്നത് ദോഷകരമാകും; കേസ് നടത്തിപ്പിന് തനിക്ക് പുറത്ത് നിന്ന് സഹായം ആവശ്യമില്ലെന്ന് ആക്രമിക്കപ്പെട്ട നടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള അമ്മ ഭാരവാഹികളുടെ അപേക്ഷയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി. അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളായ ഹണി റോസ്, രചനാ നാരായണന്‍ കുട്ടി എന്നിവര്‍ നല്‍കിയ ഹര്‍ജിയെയാണ് നടി ഹൈക്കോടതിയില്‍ എതിര്‍ത്തത്. കേസ് നടത്തിപ്പിന് പുറമെ നിന്നുള്ള സഹായം ആവശ്യമില്ലെന്ന് നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ഹണി റോസും രചനാ നാരായണന്‍കുട്ടിയും ഹര്‍ജിയില്‍ ആവശ്യപ്പട്ടു. 25 വര്‍ഷമെങ്കിലും അനുഭവ പരിചയുമള്ള ആളാകണം കേസില്‍ പ്രോസിക്യൂട്ടര്‍. സഹായിയായി യുവഅഭിഭാഷകയും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇത് അനുവദിക്കരുതെന്ന് നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. നടിയോട് ആലോചിച്ചാണ് പ്രോസിക്യൂട്ടറെ നിയമിച്ചത്. പ്രോസിക്യൂട്ടര്‍ കേസ് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്ന് നടി വ്യ്ക്തമാക്കി

കേസ് നടത്തിപ്പിന്റെ കാര്യങ്ങള്‍ എങ്ങിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് തനിക്ക് അറിയാം. സിനിമയെ സംബന്ധിച്ച് ആളുകൂടുന്നത് അതിന്റെ വിജയത്തിന് കാരണമാകും. എന്നാല്‍ കേസിനെ സംബന്ധിച്ച് ആള് കൂടുന്നത് ദോഷകരമാകും. നടി കോടതിയെ അറിയിച്ചു. താന്‍ നിലവില്‍ അമ്മയില്‍ അംഗമല്ല. കേസ് നടത്തിപ്പിന് തനിക്ക് പുറത്ത് നിന്ന് സഹായം ആവശ്യമില്ലെന്ന് നടി അറിയിച്ചു. യുവ അഭിഭാഷകവേണെമെന്ന അമ്മ ഭാരവാഹികളുടെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തു.

കേസ് വിചരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാനാണ് അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണയ്ക്കായി പ്രത്യേകം കോടതി സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് സമൂഹത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്. മാത്രമല്ല, ഇരയുടെ സ്വകാര്യത നിലനിറുത്തുന്നതിന് വനിതാ ജഡ്ജി കേസ് പരിഗണിക്കുന്നതാണ് അഭികാമ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കേസില്‍ കുറ്റാരോപിതനായി നടന്‍ ദിലീപിനെ തിരിച്ചെയുക്കാനുള്ള അമ്മയുടെ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അമ്മ നടിക്ക് ഒപ്പമാണ് എന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആദ്യമായാണ് അക്രമിക്കപ്പെട്ട അമ്മ ഒരു നടപടി സ്വീകരികുന്നത്.

കേസില്‍ വനിതാ ജഡ്ജി വേണമെന്നും കേസ് തൃശൂരിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള അക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയില്‍ ഇന്നാണ് വിധി വരുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് നടിമാര്‍ കൂടി ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി കക്ഷി ചേര്‍ന്നിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular