പത്തനംതിട്ട: ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജെസ്നയ്ക്കായി ബംഗലൂരുവില്‍ അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം ബംഗളൂരുവിലെത്തി. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയില്‍ നിന്നിറങ്ങിവരുന്നതു കണ്ടതായി ബംഗളൂരുവിലുള്ള ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മംഗളൂരുവില്‍ അന്വേഷണത്തിലായിരുന്ന പൊലീസ് സംഘത്തെ ബംഗളൂരുവിലേക്ക് അയച്ചത്. മെട്രോയിലെ സിസിടിവി ദൃശ്യത്തില്‍ ജസ്നയോടു സാമ്യമുള്ള പെണ്‍കുട്ടി ഇറങ്ങിവരുന്നതു കണ്ടെത്തി. ചുരിദാറാണ് വേഷം. കണ്ണടയുമുണ്ട്. മെട്രോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. അതു ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത കൈവരുത്താനാകും. ദൃശ്യം ജസ്നയുടെ ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്ത് ഉറപ്പുവരുത്തേണ്ടതുണ്ട്.
കുടക്, മടിക്കേരി, മംഗളൂരു, കൊല്ലൂര്‍, കുന്താപുരം എന്നിവിടങ്ങളിലെ അന്വേഷണം പൊലീസ് പൂര്‍ത്തിയാക്കി. ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തിയത്. സംശയകരമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. മാര്‍ച്ച് 22ന് ആണു ജെസ്നയെ കാണാതായത്.
Leave a Comment