ഇന്ത്യയില്‍ ഒക്ടേവിയ ആര്‍ എസിനുള്ള ബുക്കിങ് പുനരാരംഭിച്ചു

‘ഒക്ടേവിയ ആര്‍ എസി’നുള്ള ബുക്കിങ് സ്‌കോഡ ഓട്ടോ ഇന്ത്യ പുനഃരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്ക് അനുവദിച്ച 250 കാറുകള്‍ അതിവേഗം വിറ്റുപോയ സാഹചര്യത്തിലായിരുന്നു കമ്പനി ‘ഒക്ടേവിയ ആര്‍ എസി’നുള്ള ബുക്കിങ്ങുകള്‍ നിര്‍ത്തിയത്. ഇന്ത്യയിലെ വില്‍പ്പനയ്ക്കായി കൂടുതല്‍ കാറുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് സ്‌കോഡ ഓട്ടോ ഇപ്പോള്‍ ബുക്കിങ് പുനഃരാരംഭിക്കുന്നത്.

പതിനേഴ് ഇഞ്ച് വീലുകള്‍ക്കൊപ്പം കൂടുതല്‍ ആക്രമണോത്സുകത തോന്നിക്കുന്ന ബോഡി കിറ്റും ‘2017 ഒക്ടേവിയ ആര്‍ എസി’ന്റെ സവിശേഷതയാണ്; പുത്തന്‍ ബംപര്‍, എക്‌സോസ്റ്റിന്റെ അഗ്രത്തില്‍ സ്റ്റീല്‍ ടിപ്, ചെറു സ്‌പോയ്‌ലര്‍ എന്നിവയാണു ബോഡി കിറ്റിലുള്ളത്. അകത്തളത്തിലാവട്ടെ സീറ്റുകളില്‍ ‘ആര്‍ എസ്’ ബ്രാന്‍ഡിങ്ങും കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങും സ്‌പോര്‍ട്ടി സ്റ്റീയറിങ് വീലും പാഡ്ല്‍ ഷിഫ്റ്ററുമൊക്കെയുണ്ട്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ ലിങ്ക് എന്നിവയ്‌ക്കൊപ്പം പിന്‍സീറ്റില്‍ നിന്നു നിയന്ത്രണം സാധ്യമാക്കുന്ന ‘ബോസ് കണക്ട്’ ആപ്ലിക്കേഷന്‍ സഹിതമുള്ള 9.2 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് ടച് സ്‌ക്രീനും കാറിലുണ്ട്. ലിമിറ്റഡ് സ്ലിപ് ഡിഫറന്‍ഷ്യലാണു ‘സ്‌കോഡ ഒക്ടേവിയ ആര്‍ എസി’ലേത്.

പ്രകടനക്ഷമതയേറിയ ‘സ്‌കോഡ ഒക്ടേവിയ’യ്ക്കു കരുത്തേകുന്നത് രണ്ടു ലീറ്റര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്; 230 പി എസ് വരെ കരുത്താണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ആറു സ്പീഡ് ഡി എസ് ജി ഗീയര്‍ബോക്‌സ് മാത്രമാണു ട്രാന്‍സ്മിഷന്‍ സാധ്യത. കാറിലെ സസ്‌പെന്‍ഷനും പരിഷ്‌കരിച്ചിട്ടുണ്ട്. മികച്ച സുരക്ഷ ഉറപ്പാക്കാന്‍ ഒന്‍പത് എയര്‍ബാഗ്, ഇ എസ് പി, പ്രഡിക്റ്റീവ് പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ട്രെയ്‌ലര്‍ അസിസ്റ്റ്, ഡൈനാമിക് ഷാസി കണ്‍ട്രോള്‍ തുടങ്ങിയവയും കാറിലുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular