പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര നീക്കം; ആഭ്യന്തര മന്ത്രാലയം രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ചു. കഴിഞ്ഞദിവസത്തെ അവലോകന ഓഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് വിശദവിവരങ്ങള്‍ തേടി. കേരളാ പൊലീസ് ഇന്റലിജന്‍സും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഐ.ബി. റാണിയും റിപ്പോര്‍ട്ട് നല്‍കി. ഇതടിസ്ഥാനമാക്കിയാണ് കേന്ദ്രനീക്കം.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം കേരളത്തിന്റെ വിയോജിപ്പിനെത്തുടര്‍ന്ന് ഒരിക്കല്‍ മന്ദഗതിയിലായതായിരുന്നു. എന്നാല്‍ അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധന നീക്കം വീണ്ടും സജീവമായത്. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്യുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

എറണാകുളം മഹാരാജാസ് കോളെജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകം, ഗോരക്ഷാപ്രവര്‍ത്തനം ആരോപിച്ച് കൊല്ലം പുത്തൂരില്‍ സൈനികന്റെ വീടാക്രമിച്ച സംഭവം, ആര്‍എസ്എസ്-സിപിഐഎം അക്രമം ലക്ഷ്യമിട്ട് ചവറയില്‍ സിപിഐഎം കൊടിമരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബിജെപി കൊടികെട്ടിയ സംഭവം എന്നിവ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു. രാജ്യത്താകമാനം നിരോധിക്കുന്നതിന് മുന്നോടിയാണിതെന്ന് വിലയിരുത്തുന്നു. ഇതിനെതിരെ കേരളത്തിലും പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നുവെന്ന പേരിലാണ് ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതെന്നതും ശ്രദ്ധേയം.

മതതീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കാനും രഹസ്യവിവരങ്ങള്‍ പങ്കുവെക്കാനും കേരളത്തില്‍ തുടങ്ങിയ ഇരുന്നൂറിലേറെ വാട്സാപ്പ് ഗ്രൂപ്പുകളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. കേരളാപോലീസില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ‘പച്ചവെളിച്ചം’ എന്ന വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ചും അതില്‍ പരാമര്‍ശിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശവിരുദ്ധമാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം അവസാനം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയിരുന്നു. ഇപ്പോഴത്തെ നടപടികള്‍ക്ക് ആധാരം ഈ റിപ്പോര്‍ട്ടാണ്. 2010ല്‍ മൂവാറ്റുപുഴയില്‍ പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ സംഭവം, കണ്ണൂര്‍ നാറാത്ത് നടന്ന സായുധ പരിശീലന ക്യാമ്പ്, ബംഗളുരുവില്‍ ആര്‍.എസ്.എസ്. നേതാവ് രുദ്രേഷിന്റെ കൊല,പ്രമുഖരെ കൊലപ്പെടുത്താന്‍ നടന്ന ഗൂഢാലോചന എന്നിവയാണ് എന്‍ഐഎ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞ വിഷയങ്ങള്‍.

pathram desk 1:
Related Post
Leave a Comment