അഭിമന്യു വധക്കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന; കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും

കൊച്ചി: അഭിമന്യു കൊലപാതകക്കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന. കൊലയാളികളെ കണ്ടെത്താന്‍ കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. കൊലയാളി ഉള്‍പ്പെടെ അക്രമിസംഘത്തിലെ മൂന്ന് പേരാണ് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം ഹൈദരാബാദിലെത്തി അവിടെ നിന്ന് വിദേശത്തേക്ക് കടന്നതായാണു പ്രാഥമിക നിഗമനം. പ്രതികള്‍ക്കു വ്യാജ പാസ്പോര്‍ട്ടുകളുണ്ടായിരുന്നതായും സംശയിക്കുന്നു.

കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് വിഭാഗത്തിനു നേരിട്ടു വിദേശത്തേക്കു പോവാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ അന്വേഷണം എന്‍ഐഎയ്ക്കു കൈമാറാനും ആലോചനയുണ്ട്. കൊലപാതകം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് അന്വേഷണസംഘം വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഇതിനിടയിലാണു കൊലയാളി സംഘത്തിലെ മൂന്നുപേര്‍ വിദേശത്തേക്കു കടന്നതെന്നു സംശയിക്കുന്നു.

കൊലപാതകത്തിനു പിന്നില്‍ ദീര്‍ഘകാലത്തെ ഗൂഢാലോചന നടന്നതിനുള്ള തെളിവുകളാണ് പൊലീസിന് ലഭിക്കുന്നത്. പ്രതികള്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടിരുന്നുവെന്നും സൂചനയുണ്ട്. കൊലയാളി സംഘത്തിനു നേതൃത്വം നല്‍കിയതു നെട്ടൂര്‍ സ്വദേശികളായ ആറുപേരാണെന്ന മൊഴികളും പൊലീസിനു ലഭിച്ചു. ഇവരില്‍ രണ്ടു പേര്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്നവരാണ്. വിചാരണയില്‍ എന്‍ഐഎ കോടതി ഇവരെ വിട്ടയച്ചതിനു ശേഷവും ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

പൊലീസ് സ്പെഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ്, വര്‍ഷങ്ങള്‍ക്ക് മുന്‍പു അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളുമായി അഭിമന്യു വധക്കേസില്‍ പൊലീസ് തിരയുന്ന മുഖ്യപ്രതി ആലപ്പുഴ വടുതല നദുവത്ത് നഗര്‍ ജാവേദ് മന്‍സിലില്‍ മുഹമ്മദിന്റെ കുടുംബത്തിനു ബന്ധമുണ്ടായിരുന്നെന്നു കണ്ടെത്തിയത്. മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയായ മുഹമ്മദ് ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആണെന്നു പൊലീസ് പറഞ്ഞു. വീട്ടുകാരും ഒളിവിലാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇരുന്നൂറിലധികം പേരുടെ വിവരശേഖരം പൊലീസ് തയാറാക്കിക്കഴിഞ്ഞു.

അതേസമയം അഭിമന്യുവിനെ കൊലപ്പെടുത്തിയ ക്യാമ്പസ് ഫ്രണ്ട് കുറ്റവാളികളെ പത്തുദിവസത്തിനുള്ളിലെങ്കിലും പിടികൂടണമെന്ന് അച്ഛന്‍ മനോഹരന്‍ ആവശ്യപ്പെട്ടു. അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടിയില്ലെങ്കില്‍ തങ്ങള്‍ ജീവിച്ചിരുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസിലെ അധ്യാപകര്‍ അഭിമന്യുവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മനോഹരന്‍ വികാരാധീനനായത്.

pathram desk 1:
Leave a Comment