മിസ്ഡ് കോള്‍ തട്ടിപ്പ്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു

കൊച്ചി: മൊബൈല്‍ ഫോണിലേക്ക് മിസ് കോളടിച്ച് പണം തെട്ടുന്ന സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ‘ബൊളീവിയന്‍ മിസ്ഡ് കോള്‍’ തട്ടിപ്പിന്റെ വിഹിതം ബൊളീവിയയിലെ ടെലികോം കമ്പനിക്കും ലഭിക്കുന്നതായി കണ്ടെത്തല്‍. മിസ്ഡ് കോള്‍ വരുന്ന മൊബൈല്‍ നമ്പറുകള്‍ ന്യുവാടെല്‍ ബൊളീവിയ എന്ന കമ്പനിയുടേതാണെന്നു തിരിച്ചറിഞ്ഞ കമ്മിഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്ര കമ്പനി അധികൃതരുമായി ആശയവിനിമയം നടത്തി. തങ്ങളുടെ കമ്പനിയില്‍ റജിസ്റ്റര്‍ ചെയ്ത ഒരു ഉപഭോക്താവിന്റെ നമ്പറില്‍ നിന്നാണ് മിസ്ഡ് കോളുകളെന്നു കമ്പനി സമ്മതിച്ചെങ്കിലും പേരോ വിലാസമോ കൈമാറാന്‍ തയാറായില്ല.

+59160940305, +59160940365, +59160940101, +59160940410 തുടങ്ങിയ നമ്പറുകളില്‍ നിന്നാണ് കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളിലേക്കു മിസ്ഡ് കോളുകള്‍ പ്രവഹിക്കുന്നത്. ഈ നമ്പറിലേക്കു തിരിച്ചുവിളിച്ചവര്‍ക്കെല്ലാം മിനിറ്റിന് 16 രൂപ കണക്കില്‍ പണം നഷ്ടപ്പെട്ടു. ഓരോ ഉപഭോക്താവിനും പ്രതിദിനം അഞ്ചിലേറെ മിസ്ഡ് കോളുകള്‍ ലഭിക്കുന്നതായാണ് പൊലീസ് കണ്ടെത്തല്‍. ഈ നമ്പറുകള്‍ക്കു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ന്യൂവാടെല്‍ ബൊളീവിയ എന്ന കമ്പനിയിലേക്ക് അന്വേഷണമെത്തിയത്. എസ്എംഎസ് അയച്ചു മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പ്രത്യേക നിരക്ക് ഈടാക്കുന്നതിനു സമാനമായാണ് തട്ടിപ്പും.

കമ്പനിയില്‍ റജിസ്റ്റര്‍ ചെയ്ത ഉപഭോക്താവിന്റെ നമ്പറുകളില്‍ നിന്നാണ് മിസ്ഡ് കോളുകള്‍ ഡയല്‍ ചെയ്യപ്പെടുന്നത്. ഒരു മിനിറ്റില്‍ ലഭിക്കുന്ന 16 രൂപയില്‍ പകുതി ടെലികോം കമ്പനിക്കു ലഭിക്കും. ബാക്കി തട്ടിപ്പുകാരനും. അതുകൊണ്ടു തന്നെ തട്ടിപ്പുകാരന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയാറല്ല. ഐഎസ്ഡി കോളുകള്‍ വിളിക്കാന്‍ സൗകര്യമുള്ള കണക്ഷനുകളിലേക്കാണ് തട്ടിപ്പു മിസ്ഡ് കോളുകള്‍. അതേസമയം, കേരളത്തിലെ നമ്പറുകള്‍ എങ്ങനെ തട്ടിപ്പുകാര്‍ക്കു ലഭിക്കുന്നുവെന്നത് അജ്ഞാതമായി തുടരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular