എംഎല്‍എമാരും എംപിമാരും നയിക്കുന്ന സംഘടനയാണ് കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടി സ്വീകരിച്ചത്,അമ്മ പിരിച്ചുവിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എഐവൈഎഫ്

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയാക്കപ്പെട്ട നടനെ തിരിച്ചെടുത്ത താര സംഘടനയായ അമ്മ പിരിച്ചുവിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്വന്തം സംഘടനയിലെ അംഗം കൂടിയായ നടിയെ ആക്രമിച്ച കേസിലെ പ്രതിയെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. മുന്‍പ് നടനെ പുറത്താക്കിയ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്ന വാദം പരിഹാസ്യമാണ്.

പ്രതി ചേര്‍ക്കപ്പെട്ട നടനെ പുറത്താക്കിയെന്ന നേരത്തെയുള്ള പ്രസ്താവന പൊതുസമൂഹത്തെ കബളിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. അമ്മയുടെ ഈ നടപടിയിലൂടെ ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. എം.എല്‍.എ.മാരും എം.പി.മാരും അടക്കമുള്ള ജനപ്രതിനിധികള്‍ നയിക്കുന്ന ഒരു സംഘടനയില്‍ നിന്നാണ് സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഇത്തരം നടപടികള്‍ ഉണ്ടായിട്ടുള്ളതെന്ന കാര്യം ഏറെ ഗൗരവതരവാണ്. സിനിമ രംഗത്തെ ഇത്തരം നെറികെട്ട പ്രവര്‍ത്തികളോടുള്ള സൂപ്പര്‍ താരങ്ങളുടെ നിലപാട് എന്താണെന്ന് അവര്‍ വ്യക്തമാക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

നേതൃത്വത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ മഹാ നടന്‍ തിലകനെ മരണം വരെ സിനിമ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഘടനയാണിപ്പോള്‍ സ്ത്രീ പീഡന കേസില്‍ പ്രതിയാക്കപ്പെട്ട നടനെ തിരിച്ചെടുക്കാനും സംഘടന നേതൃത്വത്തില്‍ പ്രതിഷ്ഠിക്കാനും ശ്രമിക്കുന്നത്. സിനിമ രംഗത്തെ എല്ലാവിധ അനാരോഗ്യ പ്രവണതകളുടെയും സംരക്ഷകരായി അമ്മ മാറി. അമ്മയുടെ നടപടിക്കെതിരെ പരസ്യമായി പ്രതികരിച്ച വനിതാ പ്രവര്‍ത്തകര്‍ക്കും നീതിക്കുവേണ്ടി അവര്‍ നടത്തുന്ന പോരാട്ടങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7