‘അമ്മ’ യോഗത്തില്‍ പോയി എന്തുകൊണ്ട് പ്രതിഷേധിച്ചില്ല…? റിമ മറുപടി പറയുന്നു; അമ്മയില്‍ തുടരുന്നില്ലെന്നും നടി- വീഡിയോ കാണാം..

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്തതിനെ ചോദ്യം ചെയ്ത് വുമണ്‍ ഇന്‍ സിനിമ കലക്റ്റീവ് രംഗത്തുവന്നിരുന്നു. ഡബ്ല്യൂസിസിയുടെ ചോദ്യങ്ങള്‍ക്ക് ജനങ്ങളും പിന്തുണ നല്‍കി. അതിനിടെ ഉയര്‍ന്ന ഒരു പ്രധാന ചോദ്യം എന്തെന്നാല്‍ ഈ ചോദ്യങ്ങള്‍ എല്ലാം സംഘടനായോഗത്തില്‍ പങ്കെടുത്ത് ചോദിക്കാതെ ഫേസ്ബുക്കില്‍ ചോദിക്കുന്നത് എന്തുകൊണ്ടാണ്..? എന്തായാലും ഈ ചോദ്യത്തിനുള്ള മറുപടിയുമായി ഡബ്ല്യൂസിസി അംഗം നടി റിമ കല്ലിങ്കല്‍ രംഗത്തെത്തി.
റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി റിമാ കല്ലിങ്കല്‍ ചോദ്യത്തിന് മറുപടി നല്‍കുകയും അമ്മയോടുള്ള നിലപാട് വ്യക്തമാക്കുകയും ചെയ്തത്.
റിമയുടെ വാക്കുകള്‍ ഇങ്ങനെ…
എല്ലാവരും ഈ ചോദ്യം ചോദിക്കുന്നു. ഈ സംഭവം നടന്ന് ഒരു കൊല്ലമായി അമ്മയുമായി ഈ രീതിയിലുള്ള ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കുന്നു. എല്ലാവരും കണ്ടതാണ് അമ്മ മഴവില്‍ എന്ന പരിപാടിയില്‍ എന്ത് രീതിയിലാണ് അവര്‍ പ്രതികരിച്ചതെന്ന്. ഈ ലെവലില്‍ സെന്‍സിറ്റിവിറ്റിയും ഇന്റലിജന്റ്‌സോടുംകൂടി ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കാണുന്ന ആളുകളോട് ലോജിക്കലായി പ്രാക്ടിക്കലായി ഒരു ചര്‍ച്ചയ്ക്കിരിക്കണെന്ന് ആരും ആവശ്യപ്പെടരുതെന്ന് താഴ്മയോടെ ആവശ്യപ്പെടുന്നു.

പബ്ലിക്കായി എല്ലാവരും കണ്ടു അമ്മ തന്ന മറുപടി. അവര്‍ എങ്ങനെയാണ് നമ്മളെ കാണുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. മീ ടൂ എന്ന ക്യാമ്പയിന്റെ ഭാഗമാകാന്‍ സാധിക്കുന്ന ഒരു സംഘടന സ്ത്രീ ശാക്തീകരണത്തിനെ ഇത്രയും കളിയാക്കിയ ഏറ്റവും സീനിയറായവര്‍ ഭാഗമായ ഒരു സ്‌കിറ്റാണ് സംഭവിച്ചത്. അതുകൊണ്ട് ഇനിയുമൊരു ചര്‍ച്ച ആവശ്യപ്പെടരുത് ആരും.

ഇപ്പോള്‍ നടന്ന സംഭവത്തില്‍ അതായത് മൂന്ന് മാസം ജയിലില്‍ കിടന്ന, കുറ്റാരോപിതനായ, ഏഴാം പ്രതിയായ രണ്ടുപ്രാവശ്യം ജാമ്യം നിഷേധിക്കപ്പെട്ട ഒരാള്‍ ഇതിന്റെ ഭാഗമായി നില്‍ക്കവെ ഇരയും ഇവിടെയുണ്ടാകവെ ഇത്തരമൊരു നിലപാട് അമ്മ എടുക്കുമ്പോള്‍ എല്ലാവരേയും ഇരയേയും ഉള്‍പ്പെടെ ബോധിപ്പിക്കേണ്ടതുണ്ട്. അല്ലാതെ അവിടെ തുടരേണ്ടതില്ല എന്നതാണ് തീരുമാനം.

അഭിമുഖത്തിന്റെ വീഡിയോ : കടപ്പാട് – റിപ്പോര്‍ട്ടര്‍ ടിവി

കഴിഞ്ഞ ദിവസം അമ്മയുടെ നിലപാടിനെതിരെ ഏഴ് ചോദ്യങ്ങളിലൂടെയാണ് ഡബ്ല്യൂസിസി പ്രതികരിച്ചത്…
ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയാണെങ്കില്‍ ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമണ്‍ ഇന്‍ സിനിമാ കലക്റ്റീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍

വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. ഡബ്ല്യൂസിസി അവള്‍ക്കൊപ്പം.

pathram:
Related Post
Leave a Comment