കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികള്‍ ഇന്നാണ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍, ഇന്നലെ തന്നെ ഒരു വെബ്സൈറ്റ് സിനിമ മോശമാണെന്ന് റിവ്യു പ്രസിദ്ധീകരിച്ചു. മലയാളം സിനിമകളുടെ ഉള്‍പ്പെടെ റിവ്യുകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് വെബ്സൈറ്റാണ് സിനിമ ഇറങ്ങും മുന്‍പ് സിനിമ മോശമാണെന്ന് റിവ്യു പ്രസിദ്ധീകരിച്ചത്.
നേരത്തെ ഈ മ യൗ ഇറങ്ങുന്നതിന് മുന്‍പ് ഒരു മാഗസിന്‍ സമാനമായ രീതിയില്‍ റിവ്യു പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. ഇംഗ്ലീഷ് വെബ്സൈറ്റിന്റെ നടപടിക്കെതിരെ അബ്രഹാമിന്റെ സന്തതികളുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.
ഇതാണ് നമ്മുടെ കേരളം ഇറങ്ങാത്ത സിനിമയുടെ റിവ്യൂ. ഇതു എഴുതിയവനെ ഞാന്‍ ദൈവത്തിനു സമര്‍പ്പിക്കുന്നു എന്ന് ജോബി പ്രതികരിച്ചു.
ഇതാണ് നമ്മുടെ കേരളം ഇറങ്ങാത്തസിനിമയുടെ റിവ്യൂ… ഇതു എഴുതിയവനെ ഞാന്‍ ദൈവത്തിനു സമര്‍പ്പിക്കുന്നു… പ്രതികാരം ദൈവത്തിനു മാത്രം… ഞാന്‍ സ്‌നേഹിക്കുന്നു…നിന്നെ.. എഴുത്തുകാര….
മമ്മൂട്ടിയുടെ അഭിനയം പോലെ തന്നെ മോശമാണ് സിനിമയെന്നുമൊക്കെയാണ് ശുഭം ദ്വിവേദി എന്ന പേരില്‍ എഴുതിയിരിക്കുന്നത്.
സാധാരണ സിനിമ റിലീസ് ആകുന്നതിന് മുന്‍പ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രിവ്യു ഷോ നടത്താറുണ്ട്. എന്നാല്‍, അബ്രഹാമിന്റെ സന്തതികള്‍ക്കായി പ്രിവ്യു ഷോയും നടത്തിയിട്ടില്ല എന്ന് അണിയറക്കാര്‍ വ്യക്തമാക്കി. ഇന്നലെ ജോബി ജോര്‍ജ്ജിന്റെ ഫെയ്സ്ബുക്ക് പ്രതികരണത്തിന് പിന്നാലെ ന്യൂസ്ഫോളോ എന്ന വെബ്സൈറ്റ് അവരുടെ റിവ്യു നീക്കം ചെയ്തു.