ഗണേഷ് കുമാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് മര്‍ദ്ദനത്തിനിരയായ യുവാവ്; നീതി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കും

കൊല്ലം: ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് യുവാവിന്റെ ആരോപണം. താനും അമ്മയും ഗണേഷിനെ അടിച്ചെന്ന പരാതി കളവാണ്. സ്ഥലത്തുണ്ടായിട്ടും അഞ്ചല്‍ സിഐ നടപടിയെടുത്തില്ലെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു. എംഎല്‍എയെ സംരക്ഷിക്കാനാണ് പൊലിസ് ശ്രമിച്ചതെന്നും അനന്തകൃഷ്ണന്‍ ആരോപിച്ചു.

മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു എന്ന കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ എംഎല്‍എയ്ക്കും സഹായിക്കുമെതിരെ നിസാരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് ആരോപണം.നീതി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിക്കുമെന്നും യുവാവ് വ്യക്തമാക്കി.

കെ.ബി.ഗണേഷ് കുമാറിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. എംഎല്‍എയും പിഎയും യുവാവിനെ കയ്യേറ്റം ചെയ്തെന്നാണ് റിപ്പോര്‍ട്ട്. പി.എ.പ്രദീപ് അനന്തകൃഷ്ണന്റെ തോളില്‍ അടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവാവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഗണേഷ് കുമാറിനെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തിരുന്നു.

മരണവീട്ടിലേക്ക് എത്തിയ എംഎല്‍എ യുടെ വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലി വാക്കേറ്റം ഉണ്ടാകുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി എംഎല്‍എ മര്‍ദ്ദിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായാണ് പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പത്തനാപുരം എംഎല്‍എക്കെതിരെ പരാതി നല്‍കിയത്.

അഞ്ചലില്‍ അഗസ്ത്യകോട് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു. ഒരു വാഹനത്തിനു മാത്രം കടന്നുപോകാവുന്ന റോഡില്‍വെച്ച് എംഎല്‍എയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. മരണവീട്ടിലേക്ക് വന്നതായിരുന്നു ഇരുകൂട്ടരും. അനന്തകൃഷ്ണനെ അഞ്ചല്‍ ഗവ.ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

pathram desk 1:
Related Post
Leave a Comment