നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വിദേശ കറന്‍സി വേട്ട; ഒന്നരക്കോടിയുമായി തൃശൂര്‍ സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോടികളുടെ വിദേശ കറന്‍സി വേട്ട. ഒരു കോടി 30 ലക്ഷം രൂപയുടെ മൂല്യമുള്ള വിദേശ കറന്‍സിയാണ് പിടികൂടിയത്. സംഭവത്തില്‍ തൃശൂര്‍ സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ നിന്ന് കറന്‍സി ഷാര്‍ജയിലേക്ക് കടത്താനായിരുന്നു ശ്രമം. ഷാര്‍ജയിലേയ്ക്ക് പോകാനെത്തിയതായിരുന്നു യുവാവ്. പതിവു പരിശോധനയ്ക്കിടെ രഹസ്യമായി സൂക്ഷിച്ചിരുന്ന കറന്‍സി ശേഖരം കണ്ടെത്തുകയായിരുന്നു. അമേരിക്കന്‍ ഡോളറും സൗദി റിയാലുമുള്‍പ്പെടെ ഒന്നരക്കോടി രൂപ വില വരുന്ന നോട്ടുകളുണ്ടായിരുന്നു.

ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പത്ത് കോടിയിലധികം രൂപയുടെ കറന്‍സി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. അഫ്ഗാന്‍ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖില്‍ നിന്നാണ് കറന്‍സി പിടിച്ചെടുത്തത്. സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമായാണ് കറന്‍സികള്‍ കൊണ്ടുവന്നത്.

ചൊവ്വാഴ്ച രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ ഡല്‍ഹി കൊച്ചി- ദുബായ് വിമാനത്തിലാണിയാള്‍ എത്തിയത്. അമേരിക്കന്‍ ഡോളറാണ് കറന്‍സികളില്‍ അധികവും. ഇന്നലെ പുലര്‍ച്ചെ 4.30നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ പോകാനായി സുരക്ഷാ പരിശോധനകള്‍ നടത്തവേയാണ് എക്‌സ് റേ പരിശോധനയില്‍ കറന്‍സികള്‍ കണ്ടെത്തിയത്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ കറന്‍സി വേട്ടകളിലൊന്നാണിത്. വിമാനം കൊച്ചിയില്‍ സാങ്കേതിക തകരാറിനേത്തുടര്‍ന്ന് കുടുങ്ങിയതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇന്നലെ ഇവരെ വിവിധ വിമാനങ്ങളിലായി ദുബായിലേക്ക് അയക്കുന്നതിനുള്ള സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് കറന്‍സിയുമായി ഇയാളെ പിടികൂടിയത്.

pathram desk 1:
Related Post
Leave a Comment