ഷൂട്ടിംഗിനായി നിലം നികത്തി; സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിംഗ്

കൊച്ചി: മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനായി നിലം നികത്തി. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ട വില്ലേജ് ഓഫീസര്‍ ഷൂട്ടിംഗ് നിര്‍ത്തി വെക്കാനും മണ്ണടിച്ച സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാനും ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ ഇത് അവഗണിച്ച് സിനിമയുടെ ചിത്രീകരണം തുടരുകയാണ്.

അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാന സഹായിയായിരുന്ന സജീവ് പിള്ള സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ആഴ്ച മമ്മൂട്ടി പുറത്ത് വിട്ടിരുന്നു. 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ലോഹലിപിയില്‍ പൗരാണിക രീതിയില്‍ കൊത്തിവച്ച രീതിയിലുള്ള ടൈറ്റിലാണ് കാണിക്കുന്നത്. വയലന്‍സ് നിറഞ്ഞ ഒരു യുദ്ധചിത്രമായിരിക്കും സിനിമ എന്ന സൂചന തരുന്നതാണ് ടൈറ്റില്‍.

പതിനേഴ് വര്‍ഷത്തെ ഗവേഷണത്തിനുശേഷമാണ് ചിത്രത്തിന്റെ കഥ ഒരുക്കിയതെന്ന് സജീവ് പിള്ള പറയുന്നു. പതിനേഴാം നൂറ്റാണ്ടില്‍ വള്ളുവനാട്ടില്‍ അരങ്ങേറിയിരുന്ന ചരിത്രപ്രധാനമായ മാമാങ്കത്തിന്റെയും അതുമായി ബന്ധപ്പെട്ട ചാവേറുകളുടെയും കഥയാണ് ചിത്രം പറയുന്നത്. തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്ത് 12 വര്‍ഷം കൂടുമ്പോഴാണ് മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്.

തെന്നിന്ത്യയിലെ അതി പ്രശസ്തനായ ജിം ഗണേഷാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. കമല്‍ഹാസന്റെ വിശ്വരൂപം, ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ ചിത്രങ്ങള്‍ക്കായി സംഘട്ടനം ചിട്ടപ്പെടുത്തിയ കെച്ച ആണ് സ്റ്റണ്ട് കൊറിയോഗ്രഫി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉടയാടകള്‍ ഒരുക്കുന്നത് അനുവര്‍ധനാണ്.

pathram desk 1:
Related Post
Leave a Comment