ഈ ‘വിധി’ ഞങ്ങള്‍ക്കും വേണം:അവകാശവാദവുമായി ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസും, ബിഹാറില്‍ ആര്‍ജെഡിയും രംഗത്തിറങ്ങുന്നു

പനാജി: കര്‍ണാടകയില്‍ കൂടുതല്‍ ഭൂരിപക്ഷമുള്ള കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി തങ്ങള്‍ക്കും ബാധകമെന്ന് ഗോവയില്‍ കോണ്‍ഗ്രസ് . ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് നാളെ ഗവര്‍ണറെ കാണും.ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ചെല്ല കുമാറിന്റെ നേതൃത്വത്തില്‍ 16 എംഎല്‍എമാര്‍ അടങ്ങുന്ന സംഘമാണ് നാളെ ഗവര്‍ണറെ കാണുന്നത്.

തങ്ങളാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും സര്‍ക്കാറുണ്ടാക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും കോണ്‍ഗ്രസ് ഗവര്‍ണറോട് ആവശ്യപ്പെടും. ആവശ്യമെങ്കില്‍ ഗവര്‍ണറുടെ വസതിക്കുമുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്താനും കോണ്‍ഗ്രസിനു പദ്ധതിയുണ്ട്.ഗോവയില്‍ കോണ്‍ഗ്രസാണ് എറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ബിജെപിയെയായിരുന്നു.

ചെറുകക്ഷികളുടെ പിന്തുണയോടെയാണ് ബിജെപി സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുന്നത്. 40 അംഗ ഗോവ നിയമസഭയില്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 17 സീറ്റുകളാണ് കോണ്‍ഗ്രസിനു ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയ്ക്ക് 13 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ പ്രാദേശിക പാര്‍ട്ടികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ സുരക്ഷാ മഞ്ച് എന്നീ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിച്ചാണ് ബിജെപി അധികാരത്തില്‍ എത്തിയത്.

ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആര്‍ജെഡിയും രംഗത്തെത്തി. ഇക്കാര്യമുന്നയിച്ച് എംഎല്‍എമാര്‍ക്കൊപ്പം ഗവര്‍ണറെ കാണുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അറിയിച്ചു.

SHARE