സിദ്ധരാമയ്യയ്ക്ക് വിനയായത് ബി.ജെ.പി-ജെ.ഡി.എസ് രഹസ്യ ധാരണ? ചാമുണ്ഡേശ്വരിയില്‍ പരാജയം ഏറെക്കുറെ ഉറപ്പായി

ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സിദ്ധരാമയ്യയുടെ പരാജയം ഏറെക്കുറെ ഉറപ്പിച്ചു. ഇതോടെ ജനതാദള്‍ ബി.ജെ.പിയുടെ ബി ടീമാണെന്ന കോണ്‍ഗ്രസിന്റെ ആശങ്കയ്ക്ക് ഏറെക്കുറി ശരിയായി. സിദ്ധരാമയ്യയുടെതുള്‍പ്പെടെ പരാജയം ഉറപ്പുവരുത്തുന്നതില്‍ ബി.ജെ.പിയ്ക്കും ജെ.ഡി.എസിനുമിടയില്‍ രഹസ്യ ധാരണയുണ്ട് എന്നായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു വേളയില്‍ ഉന്നയിച്ച പ്രധാന ആരോപണം.

രഹസ്യ ധാരണ അത്ര വലിയ രഹസ്യമല്ല എന്നാണ് കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്. ‘അവര്‍ ചര്‍ച്ച നടത്തിയതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഈ രണ്ടു സീറ്റുകളില്‍ (സിദ്ധരാമയ്യയുടെയും മകന്റെയും) മാത്രമല്ല വിജയം ഉറപ്പാക്കാന്‍ മറ്റു പല സീറ്റുകളിലും ഇത്തരം ധാരണയുണ്ട്.’ എന്നായിരുന്നു കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഉന്നയിച്ച ആരോപണം.

ജനതാദളിന് ലഭിച്ച മുന്നേറ്റം അത്തരത്തിലുള്ള ആരോപണം ശരിവെക്കുന്നതാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിതലത്തില്‍ വലിയ ധാരണയിലെത്താതെയുള്ള ഇത്തരം വ്യക്തിപരമായ ഒത്തുകളികള്‍ തെരഞ്ഞെടുപ്പില്‍ സാധാരണമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഫാക്വല്‍ട്ടിയുമായ നരേന്ദര്‍ പാണി പറയുന്നത്.

‘ഇത്തരം ധാരണകള്‍ സാധാരണയായി വ്യക്തിപരമാണ്. പാര്‍ട്ടി തലത്തില്‍ വരുന്നതല്ല. വരുണയിലും ചാമുണ്ഡേശ്വരിയിലുമുണ്ടായവയൊഴിച്ച്.’ എന്നാണ് അദ്ദേഹം പറഞ്ഞത്. ‘സിദ്ധരാമയയോട് ഇരുപാര്‍ട്ടികളും ശക്തമായ വിരോധമുണ്ട്.’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയ്ക്കെതിരെ ബി.ജെ.പി താരതമ്യേന അപ്രധാനിയായി ആളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതും ഇത്തരമൊരു ആരോപണത്തിന് ശക്തിപകര്‍ന്നിരുന്നു. സിദ്ധരാമയ്യ മത്സരിച്ച ചാമുണ്ഡേശ്വരിയില്‍ അദ്ദേഹം ഏതാണ്ട് പരാജയം ഉറപ്പിച്ചിരിക്കുകയാണ്. പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് അദ്ദേഹം പിന്നിട്ടു നില്‍ക്കുന്നത്. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയാണ് ഇവിടെ മുന്നില്‍. ബി.ജെ.പി മൂന്നാം സ്ഥാനത്താണ്.

SHARE