മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കി പിണറായി; ഈ ബുദ്ധിമുട്ടില്‍ പങ്കെടുക്കുമായിരുന്നില്ല; ഫയര്‍ സര്‍വീസ് അസോസിയേഷനും കിട്ടി കൈനിറയെ

കോഴിക്കോട്: കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ സംഭവത്തില്‍ തന്റെ ഭാഗം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാം ‘ഏതോ ചിലരെ പുറത്താക്കിക്കളഞ്ഞു’ എന്ന് ഒരു കൂട്ടര്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും പിണറായി കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നടന്ന ചര്‍ച്ചയില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട്ട് ഇന്നലെ സമൂഹത്തിലെ ഒരു വിഭാഗവുമായി ചര്‍ച്ച ഉണ്ടായിരുന്നു. സാധാരണ ഇത്തരം ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തുടക്കത്തിലെന്തെങ്കിലും ചിത്രമെടുക്കാന്‍ വേണ്ടി നില്‍ക്കാറുണ്ട്. പിന്നീട് നടക്കുന്ന ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടാവാറില്ല. രണ്ടുമൂന്നു ദിവസം മുന്‍പ് ഇടുക്കിയിലും മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയില്‍ ഇതേരീതിയില്‍ ഒരു യോഗം ചേര്‍ന്നു. അവിടെ ചിത്രം പകര്‍ത്തിയ ശേഷം മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോയി. ജനങ്ങളെ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ അത് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയാണ് ഇത്തരം യോഗങ്ങളില്‍ അംഗീകരിച്ചുവരുന്ന സമ്പ്രദായം.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചു ചര്‍ച്ച നടന്നു. അതില്‍ ആമുഖമായി താന്‍ പ്രസംഗിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീടു നടന്ന ചര്‍ച്ചയില്‍ നിങ്ങളെ ആവശ്യമില്ല എന്നു പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തേക്കുപോയി. അവിടെയൊന്നുമില്ലാത്ത എന്ത് പ്രത്യേക അവകാശമാണ് കാസര്‍കോട്ടെ പത്രക്കാര്‍ക്കുള്ളതെന്ന് തനിക്കു പിടികിട്ടുന്നില്ലെന്നും പിണറായി പറഞ്ഞു.

അതേസമയം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചതിനു കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ (കെഎഫ്എസ്എ) സംഘാടര്‍ക്കും പിണറായി വിജയന്റെ വക രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നു. സംഘടനാ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗം തുടങ്ങിയതു തന്നെ. സംഘടനകളുടെ സമ്മേളനങ്ങളില്‍ കാണാത്തൊരു പുതുമ ഇവിടെയുണ്ടെന്നും അതെന്താണെന്ന് തനിക്ക് പിടികിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ പ്രതിനിധി സമ്മേളനത്തിനൊപ്പമാണ് പൊതു സമ്മേളനം നടത്തേണ്ടത്.

എന്നാല്‍ മാര്‍ച്ചില്‍ പ്രതിനിധി സമ്മേളനം നടത്തി ഇത്ര ഇടവേളയ്ക്കു ശേഷം പൊതുസമ്മേളനം നടത്തുന്നത് സാധാരണ സമ്പ്രദായമല്ല. നിങ്ങള്‍ക്കങ്ങനെ ആവാമെങ്കില്‍ അങ്ങനെയാവാം. ഇക്കാര്യം താന്‍ നേരത്തെ അറിയാതിരുന്നതു നന്നായെന്നും നേരത്തെ മനസിലാക്കിയിരുന്നെങ്കില്‍ ഈ ബുദ്ധിമുട്ടില്‍ പങ്കെടുക്കുമായിരുന്നില്ലെന്നും പിണറായി പറഞ്ഞു. മറ്റനേകം തിരക്കുകളില്‍ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചില്ല എന്നത് തന്റെ വീഴ്ചയാണ്. കമ്മിറ്റി അവരവര്‍ക്ക് സൗകര്യമുള്ള രീതിയില്‍ നടപടിയെടുക്കരുതെന്നും പൊതുവായ രീതിയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകണമെന്നും പിണറായി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7