പന്തിന്റെ കളി വെറുതെയായി; സണ്‍റൈസേഴ്‌സ് കുതിപ്പ് തുടരുന്നു

ന്യൂഡല്‍ഹി: ഐപിഎല്ലിലെ ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്വപ്‌നക്കുതിപ്പ് തുടരുന്നു. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ഹൈദരാബാദ് സീസണിലെ ഒമ്പതാം വിജയം സ്വന്തമാക്കി. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഏഴു പന്ത് ബാക്കി നില്‍ക്കെ ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്.

188 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിനെ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കെയ്ന്‍ വില്ല്യംസണും ശിഖര്‍ ധവാനും വിജയതീരത്തെത്തിക്കുകയായിരുന്നു. ഇരുവരും പുറത്താകാതെ 176 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ധവാന്‍ 50 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സുമടക്കം 92 റണ്‍സെടുത്തപ്പോള്‍ 53 പന്തില്‍ എട്ടു ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെ 83 റണ്‍സായിരുന്നു വില്ല്യംസണിന്റെ സ്മ്പാദ്യം. 14 റണ്‍സെടുത്ത ഹെയ്ല്‍സിന്റെ വിക്കറ്റ് മാത്രമാണ് ഹൈദരാബാദിന് നഷ്ടപ്പെട്ടത്.

നേരത്തെ ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 187 റണ്‍സടിച്ചത്. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഡല്‍ഹിയുടെ ഇന്നിങ്‌സ്. 63 പന്തില്‍ 15 ഫോറിന്റെയും ഏഴു സിക്‌സിന്റെയും അകമ്പടിയോടെ പുറത്താകാതെ 128 റണ്‍സാണ് പന്ത് അടിച്ചെടുത്തത്.

SHARE