വിമാന യാത്രയ്ക്കിടെ ഇനി ഇന്റര്‍നെറ്റും ; ചാര്‍ജ് തീരുമാനിക്കുക വിമാനക്കമ്പനികള്‍

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടയില്‍ വൈഫൈ ഉപയോഗിക്കാന്‍ അവസരമൊരുങ്ങുന്നു. ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച നിര്‍ദേശത്തിന് അനുമതി നല്‍കി. വിമാനത്തില്‍ ഇന്റര്‍നെറ്റ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുമ്പ് അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ടെലികോം മന്ത്രാലയവും അനുകൂല നിലപാട് സ്വീകരിച്ചത്.

ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന് ടെലികോം വകുപ്പ് ഉന്നതതല യോഗത്തിലാണ് വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ച് ടെലികോ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചത്.

വിമാനത്തില്‍ ഇന്റര്‍നെറ്റ്, കോള്‍ സൗകര്യം ലഭ്യമാക്കുന്ന തീരുമാനം വിമാനയാത്രക്കാര്‍ക്ക് ഏറെ ഗുണപ്രദമാകുമെന്നും ടെലികോം മന്ത്രാലയത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

ഇന്റര്‍നെറ്റ് സേവനത്തിനുള്ള ചാര്‍ജ് തീരുമാനിക്കാനുള്ള അവകാശം വിമാന കമ്പനികള്‍ക്കായിരിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.

SHARE