ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ

ഡല്‍ഹി: ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. ഇന്ത്യയുടെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതായി ഐ എം എഫ് അറിയിച്ചു. ഏപ്രില്‍ 2018 ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്കിലാണ് ഇക്കാര്യം പറയുന്നത്. ഇതോടെയാണ് ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയത്.

യു എസ്, ചൈന, ജപ്പാന്‍, ജര്‍മനി, യു കെ എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ജിഡിപിയില്‍ ഇന്ത്യക്കു മുന്നിലുള്ളത്. ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ആറാം സ്ഥാനത്തെത്തിയത്.

നോട്ട് നിരോധനത്തിന്റെയും ജി എസ് ടിയുടെയും പ്രത്യാഘാതങ്ങളെ അതിജീവിക്കാന്‍ ഇന്ത്യക്കു സാധിച്ചെന്ന് ലോകബാങ്കിന്റെയും ഐ എം എഫിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇവ രണ്ടും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ എത്രമാത്രം പരിക്കേല്‍പ്പിച്ചിരുന്നു എന്ന കാര്യം പരിഗണിക്കാതെയാണ് ഇത്.

2018ല്‍ 7.4ശതമാനം, 2019ല്‍ 7.8ശതമാനം എന്നിങ്ങനെയാണ് ഐ എം എഫ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കണക്കാക്കിയിരിക്കുന്നത്. 2017 ല്‍ 6.7ശതമാനം വളര്‍ച്ചാ നിരക്കാണ് ഐ എം എഫ് കണക്കാക്കിയിരുന്നത്. അതേസമയം 2018 ല്‍ 7.3 ശതമാനവും 2019, 2020 വര്‍ഷങ്ങളില്‍ 7.5 ശതമാനം വളര്‍ച്ചയുമാണ് ലോകബാങ്ക് കണക്കാക്കിയിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular