ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ’ തീവണ്ടിയിലെ പാട്ട് സൂപ്പര്‍ ഹിറ്റ് … ശ്രേയയുടെ പ്രവചനം സത്യമായി

ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ’ തീവണ്ടിയിലെ പാട്ട് സൂപ്പര്‍ ഹിറ്റ് …ഈ പാട്ട് ഭാഷാഭേദങ്ങള്‍ മറികടക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതിഷ്ടമാകും. ഞാനുറപ്പു തരുന്നു.’ പാട്ട് പാടിയ ശേഷം ഗായിക ശ്രേയാ ഘോഷാല്‍ പറഞ്ഞ വാക്കുകളാണിത്. പുറത്തിറങ്ങി നാലു ദിവസങ്ങള്‍ ആയതേ ഉള്ളുവെങ്കിലും ശ്രേയയുടെ ഈ പ്രവചനം സത്യമായി എന്നാണ് ‘ഉമ്മ പാട്ട്’ എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന തീവണ്ടി സിനിമയിലെ ജീവാംശമായി താനേ… എന്ന ഗാനം തെളിയിക്കുന്നത്.
നാലു ദിവസങ്ങള്‍ കൊണ്ട് 8 ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബിലൂടെ ഈ ഗാനം കണ്ടത്. മാത്രമല്ല െട്രന്‍ഡിങ്ങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് ഈ പാട്ട്. ‘ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ’ എന്ന് നായിക പാട്ടിനിടയില്‍ ടൊവീനോയുടെ കഥാപാത്രത്തോട് പറയുന്ന ഡയലോഗും ഹിറ്റായി കഴിഞ്ഞു. പ്രധാനമായും പ്രണയരംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഈ ഗാനം പാടാനെത്തിയ ശ്രേയ അന്ന് പാട്ടിനെയും ഈണം കൊടുത്ത പുതുമുഖ സംഗീത സംവിധായകന്‍ കൈലാസ് മേനോനെയും അഭിനന്ദിച്ചിരുന്നു. വളരെ മികച്ച ഒരു മെലഡി ഗാനമാണിതെന്നും ഒരു പുതുമുഖമാണ് ഈ പാട്ടിനു സംഗീതം കൊടുത്തതെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രേയ അന്ന് പറഞ്ഞിരുന്നു.

സ്ഥിരമായി പുകവലിക്കുന്ന ചെറുപ്പക്കാരന്റെ റോളില്‍ ടൊവീനോ എത്തുന്നു. ടൊവീനോയുടെ കാമുകിയായി സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. നാട്ടിന്‍പുറം പശ്ചാത്തലമാക്കിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. 90കളിലെ ചില മലയാള സിനിമകളിലെ ഹിറ്റ് പാട്ടുകള്‍ പോലെയാണ് തീവണ്ടിയിലെ ഈ ഗാനവും ആസ്വാദകന് അനുഭവപ്പെടുക. മനോഹരമായ സംഗീതവും അര്‍ഥപൂര്‍ണമായ വരികളും നയനമനോഹരമായ രംഗങ്ങളും ചേരുമ്പോള്‍ പാട്ട് ഹൃദയത്തില്‍ തൊടുന്നതാകും,
ഈ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്. ശ്രേയയും ഹരിശങ്കറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. തീവണ്ടി സംവിധാനം ചെയ്യുന്നത് ഫെലിനി ടി.പി എന്ന പുതുമുഖമാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഗൗതം ശങ്കറും ചിത്രം എഡിറ്റ് ചെയ്യുന്നത് സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരിയുമാണ്

SHARE