ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാനൊരുങ്ങി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം; നിയന്ത്രണമേര്‍പ്പെടുത്താന്‍ പുതിയ കമ്മറ്റി രൂപീകരിച്ചു

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം. ഇനിനുള്ള മനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ മന്ത്രാലയം പുതിയ കമ്മറ്റി രൂപീകരിച്ചു.

ഓണ്‍ലൈന്‍ മീഡിയ, ന്യൂസ് പോര്‍ട്ടലുകള്‍, ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് നിയമം രൂപീകരിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഏപ്രില്‍ നാലിന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടാതെ നാഷണല്‍ ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റ് ഫെഡറേഷന്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും കമ്മറ്റിയിലെ അംഗങ്ങളായിരിക്കും.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളും നിയമങ്ങളും സമിതി മുന്നോട്ട് വെയ്ക്കും. പ്രിന്റ് , ബ്രോഡ്കാസ്റ്റിങ് മീഡിയകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് ഡിജിറ്റല്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് ആവശ്യമായ നിയന്ത്രണം നടപ്പാക്കുന്നതിനു സാധിക്കുന്നില്ല. ഇതിനാലാണ് പുതിയ നിയമം രൂപീകരിക്കാന്‍ കേന്ദ്രര്‍ക്കാര്‍ ഒരുങ്ങുന്നത്.

മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ സംബന്ധിച്ച നിയമം ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം കഴിഞ്ഞ ദിവസം ഭേദഗതി ചെയ്തിരുന്നു. പുതിയ ഭേദഗതി പ്രകാരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുകയോ പിഴ ഈടാക്കുകയോ ചെയ്യും.

Similar Articles

Comments

Advertismentspot_img

Most Popular