കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കുനേരെ നഗ്നതാ പ്രദര്‍ശനം; യുവാവിനെതിരെ പോലീസ് സ്വമേധയ കേസെടുത്തു

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെതിരെ പൊലീസ് സ്വമേധയ കേസെടുത്തു. സമൂഹമാധ്യമങ്ങളില്‍ പരക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. കോഴിക്കോട്ടുനിന്ന് അടിവാരത്തേക്ക് യാത്രപോയ യുവതി ബസില്‍ ഇരുന്ന സീറ്റിന്റെ എതിര്‍ഭാഗത്തെ സീറ്റില്‍ ഇരുന്ന് യുവാവ് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയുമായിരുന്നു.

യുവാവറിയാതെ യുവതി ഇത് മൊബൈല്‍ കാമറയില്‍ പകര്‍ത്തി ഫേസ് ബുക്കില്‍ പോസ്റ്റുചെയ്തു. ഇതോടെ ദൃശ്യങ്ങള്‍ മറ്റു സമൂഹ മാധ്യമങ്ങളിലും പ്രചരിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് വിഷയം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സംഭവം യാഥാര്‍ഥ്യമാണെന്ന് വ്യക്തമാവുകയും സ്വമേധയ കേസെടുക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം യുവതി നേരിട്ട് സ്‌റ്റേഷനിലെത്തി ഇയാള്‍ക്കെതിരെ മൊഴി നല്‍കുകയും ചെയ്തു. അതേ സമയം പ്രതിയുടെ ഫോട്ടോ ലഭിച്ചെങ്കിലും ആളെ തിരിച്ചറിയാനായിട്ടില്ല. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട്ടുനിന്ന് ബസില്‍ കയറിയ 25 വയസ്സ് തോന്നിക്കുന്ന ഇയാള്‍ സിവില്‍ സ്‌റ്റേഷന്‍ ബസ് സ്‌റ്റോപ്പിലാണ് ഇറങ്ങിയത്. നേരത്തേ യു.കെ. ശങ്കുണ്ണി റോഡില്‍ വെച്ച് പട്ടാപ്പകല്‍ യുവതിയെ കടന്നുപിടിച്ച യുവാവിനെതിരെ നടക്കാവ് പൊലീസ് സ്വമേധയ കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് പൊലീസ് കേസെടുത്തത്.

pathram desk 1:
Related Post
Leave a Comment