തിരുവനന്തപുരം: ജേക്കബ് തോമസ് സുപ്രീംകോടതിയെ സമീപിച്ചു. കോടതിയലക്ഷ്യ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകളാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞതെന്നും ജേക്കബ് തോമസ് പറഞ്ഞു.
കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്നാണ് ജേക്കബ് തോമസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. രണ്ട് ജഡ്ജിമാരെക്കുറിച്ച് ജേക്കബ് തോമസ് നടത്തിയ പരാമര്‍ശത്തിലായിരുന്നു ഹൈക്കോടതിയുടെ നടപടി.
ഹൈക്കോടതി ജഡ്ജിമാരായ പി.ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്കെതിരെയാണ് ജേക്കബ് തോമസ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഹൈക്കോടതിയില്‍ നിന്ന് തനിക്കെതിരെ തുടര്‍ച്ചയായി പരാമര്‍ശമുണ്ടാകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജേക്കബ് തോമസ് പരാതി നല്‍കിയിരുന്നു. സര്‍ക്കാരിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ സസ്പെന്‍ഷനിലുള്ള ജേക്കബ് തോമസ് വകുപ്പ് തല അന്വേഷണവും നേരിടുകയാണ്. ഇതിനിടെയാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയത്.
എന്നാല്‍ പാറ്റൂര്‍ ഭൂമിയിടപാടില്‍ അഴിമതിയാരോപിച്ചുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഊഹാപോഹങ്ങളും തെറ്റായ പ്രസ്താവനകളും ആധാരമാക്കിയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കാതെ തരമില്ലെന്നാണ് കോടതി വിലയിരുത്തിയത്.
കോടതിയില്‍ വിശദീകരണം നല്‍കാതെ സമൂഹമാദ്ധ്യമങ്ങളില്‍ പരിഹാസത്തിന് മുതിര്‍ന്നതിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായിരുന്ന ജേക്കബ് തോമസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജേക്കബ് തോമസിനെ അച്ചടക്കത്തിന്റെ പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചതായും കോടതി അഭിപ്രായപ്പെട്ടിരുന്നു.