ശ്രീദേവിയുടെ മൃതദേഹം വൈകീട്ട് മുംബൈയില്‍ എത്തിക്കും; നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നു

ദുബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം വൈകീട്ടോടെ മുംബൈയില്‍ എത്തും. നേരത്തെ ഉച്ചയോടെ എത്തുമെന്നാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിരുന്നത്. എന്നാല്‍ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങള്‍ വൈകുന്നതിനാല്‍ മൃതദേഹം എത്തിക്കാന്‍ വൈകുമെന്ന് അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ പൂര്‍ത്തിയാക്കിയെങ്കിലും ആന്തരികാവയവ പരിശോധനാ ഫലവും രക്തപരിശോധനാ റിപ്പോര്‍ട്ടും ലഭിക്കാന്‍ വൈകുന്നതാണ് മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങളും വൈകിക്കുന്നത്. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മൃതദേഹം എംബാം ചെയ്യുന്നതിനായി അയക്കാന്‍ കഴിയുകയുള്ളൂ.
ദുബൈയില്‍ താമസിച്ചിരുന്ന എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലില്‍ കുളിമുറിയില്‍ കുഴഞ്ഞുവീണ ശ്രീദേവിയെ ആശുപത്രിയില്‍ എത്തിക്കും മുന്‍പെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടുകൂടി കുളിമുറിയിലെ വെള്ളം നിറഞ്ഞ ബാത്ത് ടബ്ബില്‍ ശ്രീദേവിയെ ചലമറ്റരീതിയില്‍ ഭര്‍ത്താവ് ബോണി കപൂര്‍ ആണ് കണ്ടത് എന്ന് യുഎഇ മാധ്യമമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുളിമുറിയില്‍ കയറി പതിനഞ്ച് മിനുട്ടിലധികം കഴിഞ്ഞിട്ടും ശ്രീദേവി പുറത്ത് വരാത്തതില്‍ സംശയം തോന്നിയ ബോണി കപൂര്‍ വാതില്‍ ബലംപ്രയോഗിച്ച് തുറന്നാണ് അകത്ത് കയറിയത്. തുടര്‍ന്ന് പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ മരണം സംഭവിച്ചത് മൂലമാണ് പോസ്റ്റ്‌മോര്‍ട്ടത്തിലേക്കും മറ്റ് പരിശോധനകളിലേക്കും പൊലീസ് കടന്നത്.
മരണം സംബന്ധിച്ച് പൂര്‍ണ്ണ വ്യക്തത വരുത്തുന്നതിനാണ് ഇത്. എന്തെങ്കിലും അസ്വാഭാവികതയുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച് എംബാം ചെയ്യുകയും ചെയ്താലും ഒട്ടേറെ നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. പൊലീസിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം കോണ്‍സുലേറ്റ് ശ്രീദേവിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണം. തുടര്‍ന്ന് ഇമിഗ്രേഷന്‍ വിഭാഗവും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ മൃതദേഹം ബന്ധുക്കള്‍ക്കൊ ചുമതലപ്പെടുത്തപ്പെട്ടവര്‍ക്കോ കൈമാറുന്നതിന് അനുമതി നല്‍കണം. ഇതിന് ശേഷം മാത്രമേ മൃതദേഹം വിമാനത്തില്‍ നാട്ടില്‍ എത്തിക്കാന്‍ കഴിയുകയുള്ളു.

Similar Articles

Comments

Advertismentspot_img

Most Popular