വിപണി കീഴടക്കാന്‍ ജര്‍മന്‍ റഫ്രിജറേറ്റര്‍; വിദഗ്ധരായ ലീഭര്‍ ഇന്ത്യയിലേക്ക്

കൊച്ചി: ജര്‍മന്‍ റഫ്രിജറേറ്റര്‍ വിദഗ്ധരായ ലീഭര്‍ മെയ് മാസത്തോടെ ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഒരുങ്ങുന്നു. ജര്‍മന്‍ എന്‍ജിനീയറിങ് സാങ്കേതിക വിദ്യയുടെ മുഴുവന്‍ മികവും കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രൂപകല്‍പ്പനയിലായിരിക്കും.
ഇന്ത്യന്‍ വിപണിയിലെ പ്രീമിയം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള റഫ്രിജറേറ്ററുകളുടെ ശ്രേണിയായിരിക്കും മെയില്‍ അവതരിപ്പിക്കുക. റഫ്രിജറേറ്ററുകളുടെയും കൂളിങ് സാമഗ്രികളുടെയും നൂതന ഉല്‍പ്പാദകരാണ് ലീഭര്‍.
ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള രൂപകല്‍പ്പനയില്‍ റഫ്രിജറേറ്ററുകളുടെ മുഴുവന്‍ നിരയും എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കുന്നതിന് 500 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. മാതൃ ഗ്രൂപ്പിന് കീഴില്‍ 50 രാജ്യങ്ങളിലായി 130 കമ്പനികളുണ്ട്.
കഴിഞ്ഞ 60 വര്‍ഷത്തിലധികമായി റഫ്രിജറേഷന്‍, ഫ്രീസിങ് ഉപകരണ രംഗത്ത് നിലവാരത്തിലും രൂപകല്‍പ്പനയിലും മികവു തെളിയിച്ചവരാണ് ലീഭറെന്നും ഉല്‍പ്പാദനത്തില്‍ നൂതന സാങ്കേതിക വിദ്യയും നിലവാരവും കാത്തുസൂക്ഷിക്കുന്നതിനാല്‍ ഉല്‍പ്പന്നം ഈടും കാര്യക്ഷമതയും പ്രദാനം ചെയ്യുന്നുവെന്നും ലീഭര്‍ അപ്ലയന്‍സസ് ഇന്ത്യ ചീഫ് സെയില്‍സ് ഓഫീസര്‍ രാധാകൃഷ്ണ സോമയാജി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’നയത്തിന് അനുബന്ധമായാണ് ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഷേന്ദ്ര വ്യവസായ പാര്‍ക്കിലാണ് ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുവാനുള്ള സൗകര്യം കണക്കിലെടുത്താണ് ഈ സ്ഥലം തെരഞ്ഞെടുത്തത്. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ഉന്നത നിലവാരത്തിലുള്ള റഫ്രിജറേഷന്‍ സാമഗ്രികളായിരിക്കും ഇവിടെ ഉല്‍പ്പാദിപ്പിക്കുക. 2018 ന് ആരംഭിക്കുന്ന യൂണിറ്റിന്റെ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം അഞ്ചു ലക്ഷം കൂളിങ് അപ്ലയന്‍സസ് ആയിരിക്കും.

Similar Articles

Comments

Advertismentspot_img

Most Popular