കടലില്‍ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കാന്‍ നോക്കരുത്, ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കി വ്യക്തിഹത്യ ചെയ്യുകയാണെന്ന് ബിനീഷ് കോടിയേരി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ദുബായില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണത്തില്‍ മറുപടിയുമായി സഹോദരന്‍ ബിനീഷ് കോടിയേരി രംഗത്തെത്തി. സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് പാര്‍ട്ടിയിലെ അംഗങ്ങളെ വ്യക്തിപരമായി അവഹേളിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ എപ്പോഴും ഉണ്ടാകാറുണ്ട്. ചില മാദ്ധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കി വ്യക്തിഹത്യ ചെയ്യുകയാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ജനങ്ങള്‍ക്കിടയില്‍ ഞങ്ങളെ തോല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന വേട്ടയാടലുകളുടെ ഭാഗമായി ഒരെണ്ണം കൂടെ. രാഷ്ട്രീയ പ്രവര്‍ത്തകന്റെ പൊതുജീവിതവും കുടുംബജീവിതവും ചര്‍ച്ചയാകപ്പെടേണ്ടതുതന്നെ. അവരുടെ ജീവിതരീതികളും ചര്‍ച്ചയാകാം. എന്നാല്‍ ആ കുടുംബത്തിലെ വ്യക്തി അതു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുനോക്കി സത്യസന്ധമായി വാര്‍ത്ത കൊടുക്കേണ്ടതാണു മാദ്ധ്യമധര്‍മം. അവര്‍ക്കും തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശമുണ്ട്. വസ്തുതകള്‍ക്കു നിരക്കാത്ത വാര്‍ത്തകള്‍ നല്‍കി, അതു പലതരത്തിലുള്ള ചര്‍ച്ചകള്‍ക്കു വിധേയമാക്കി വ്യക്തിഹത്യ നടത്തിക്കൊണ്ടിരിക്കുകയാണു നവമാധ്യമങ്ങളും.

കാലാകാലങ്ങളായി സി.പി.എം സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ പലവിധത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ നേതാക്കന്മാരെയും കുടുംബത്തെയും കുറിച്ചു പ്രചരിപ്പിക്കുന്ന രീതി തുടര്‍ന്നു വരുന്നതാണെന്നു ജനങ്ങള്‍ തിരിച്ചറിയണം. അത് ശരിയായിരുന്നില്ല എന്നു മനസ്സിലാക്കിയാലും നടത്തിയ ചര്‍ച്ചകളും ജനങ്ങളില്‍ ഉളവാക്കിയ സംശയവും ആര്‍ക്കും തിരിച്ചെടുക്കാന്‍ സാധിക്കുകയില്ലല്ലോ. എന്റെ അനുഭവം തന്നെ പറയാം. വിദ്യാര്‍ഥി രാഷ്ട്രീയം തുടങ്ങിയ 1997 മുതല്‍ ഇന്നുവരെയും പല രീതിയിലും പൊതുസമൂഹത്തിനു മുന്നില്‍ വളരെ മോശമായി ചിത്രീകരിച്ചും വൃത്തികെട്ടതും കേട്ടാല്‍ അറയ്ക്കുന്നതുമായ വാര്‍ത്തകള്‍ ചമച്ചും നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു.

മലയാളികളുടെ ചായയുടെ കൂടെയുള്ള സ്‌നാക്‌സാണു ഞാനെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍ അവ ഒന്നുപോലും സത്യത്തിനു നിരക്കാത്തതു കൊണ്ടുതന്നെയാണു ഞാന്‍ ഇപ്പോഴും പൊതുസമൂഹത്തിന്റെ മുന്‍പില്‍ നില്‍ക്കുന്നത്. എനിക്കെതിരെ ഒന്നും ഇന്നുവരെ തെളിയിക്കാന്‍ കഴിയാതെ പരാജയം സമ്മതിച്ചവരാണ് ആരോപണം ഉന്നയിച്ചവര്‍. ആരോപണം ഉന്നയിച്ചര്‍ക്കു തെളിയിക്കുവാനുള്ള ബാധ്യതയുമുണ്ട്.

തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ഏതു നിയമനടപടിക്കും വിധേയമാകാന്‍ ബിനോയ് തയാറാണ് എന്ന് അവന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. മാനസികമായി ഞങ്ങളെ തളര്‍ത്തുകയാണു ലക്ഷ്യം. പലപ്പോഴും പൊതുജനങ്ങള്‍ അതു മനസ്സിലാക്കിയിട്ടുണ്ടെന്നാണു വിശ്വാസം; പക്ഷെ എത്ര ആളുകളോടു ഞങ്ങള്‍ക്കിതു പറയാനാവും? അല്ലെങ്കില്‍ എത്ര പേര്‍ മനസ്സിലാക്കും. ഇതൊന്നും വസ്തുതകള്‍ മനസ്സിലാക്കാതെ സംസാരിക്കുന്നവര്‍ക്കു വിഷയമേയല്ല. ഞങ്ങളുടെ വിഷമം ഞങ്ങളുടേതു മാത്രമാണെന്നു തിരിച്ചറിയുന്നു. ആരോടും പരാതി പറയുന്നില്ല. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും, ഞങ്ങളാണെങ്കിലും മറ്റു രാഷ്ട്രീയക്കാരുടെ മക്കളായാലും നിയമനടപടികള്‍ക്കു വിധേയമാകണം. എന്നാല്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് ഒരാളെ ക്രൂശിക്കുന്നതു ന്യായീകരിക്കാന്‍ പറ്റുന്ന ഒന്നല്ല. അയാളുടെ വ്യക്തമായ വിശദീകരണവും ഡോക്യുമെന്റ് സഹിതം ഹാജരാക്കിയിട്ടുമുണ്ട്.

എന്റെ ചേട്ടനെക്കുറിച്ചു പറയുകയാണെങ്കില്‍ വളരെ വര്‍ഷങ്ങളായി പ്രവാസജീവിതം നയിച്ചു അവിടെ ജീവിക്കുന്ന ഒരാളാണ്. ബിസിനസില്‍ ഉയര്‍ച്ചതാഴ്ചകളുണ്ടാകാം. ഉണ്ടായിട്ടുമുണ്ട് എല്ലാവരെയും പോലെ. അതില്‍ വരുന്ന കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ ചര്‍ച്ചകളും പ്രചാരണങ്ങളും നടത്തി ഞങ്ങളെ മാനസികമായി തളര്‍ത്തിക്കളയാം എന്നതാണ് ഉദ്ദേശ്യമെങ്കില്‍ തെറ്റി. വസ്തുതകള്‍ക്കു നിരക്കാത്ത വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു മനസ്സിലാക്കുകതന്നെ ചെയ്യും (ഇല്ലെങ്കിലും വിഷമമില്ല; കാരണം ഞങ്ങള്‍ സത്യമാണെന്നു വിശ്വസിക്കുന്ന, ഞങ്ങളെ അറിയുന്നവര്‍ ഞങ്ങളുടെ കൂടെയുണ്ട് എന്നാണു വിശ്വാസം). ഇങ്ങനെ ഒരു വാര്‍ത്ത വന്നാല്‍ സമൂഹത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകും. പലതരത്തിലുള്ള ട്രോളുകള്‍ ഉണ്ടാകും. അതിനെയെല്ലാം അതിന്റെ സ്പിരിറ്റില്‍ കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ വസ്തുതകള്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ അതു തുടരുന്നതു നിര്‍ത്തുമെന്നു വിശ്വസിക്കുന്നു.

ദുബായ് കോടതിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ദുബായ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഇതോടൊപ്പം ചേര്‍ക്കുന്നു. ഒറ്റ ചോദ്യം മാത്രം: വിദേശത്ത് ഒരു കേസുണ്ട് എന്നുതന്നെ വയ്ക്കുക. ആ കേസ് കോടതിയിലും പൊലീസിന്റെ കയ്യിലുമാണുള്ളതെന്നും വയ്ക്കുക. അതിന്റെ ഏതു തരത്തിലുമുള്ള നടപടികളുമായി മുന്നോട്ടുപോകേണ്ടത് ആ രാജ്യത്താണോ? അല്ലെങ്കില്‍ മറ്റൊരു രാജ്യത്തെ പത്രക്കാര്‍ക്കും മറ്റൊരു രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയുടെ അടുത്തുമാണോ ? കടലില്‍ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കാന്‍ നോക്കരുത്.

Similar Articles

Comments

Advertismentspot_img

Most Popular