ഇനി പച്ച, നീല, മെറൂണ്‍ മാത്രം..! സ്റ്റിക്കറുകളും ചിത്രങ്ങളും വേണ്ടാ… സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് പുതിയ നിറങ്ങള്‍ വരുന്നു

തിരുവനന്തപുരം: ഇനി തോന്നിയതുപോലെ പല നിറത്തില്‍, പല രൂപത്തില്‍ റോഡിലിറക്കാന്‍ കഴിയില്ല… പല സ്റ്റിക്കറുകളും മറ്റു ചിത്രങ്ങളും പതിച്ച് ഓടിക്കാനും നോക്കേണ്ട… സംസ്ഥാനത്തെ സ്വകാര്യബസുകള്‍ക്ക് പുതിയ നിറം നല്‍കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ.) തീരുമാനിച്ചു. ഫെബ്രുവരിയില്‍ നിറംമാറ്റം പ്രാബല്യത്തില്‍ വരും. സിറ്റി ബസുകള്‍ക്ക് പച്ച നിറമാണ് നല്‍കുക. നഗരപ്രാന്തപ്രദേശങ്ങളിലേക്കുള്ള മൊഫ്യൂസില്‍ ഓര്‍ഡിനറി ബസുകള്‍ക്ക് നീല നിറവും ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ക്ക് മെറൂണും നല്‍കാനാണ് തീരുമാനം. എല്ലാ ബസുകള്‍ക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തിലെ മൂന്ന് വരകള്‍ ഉണ്ടാകും.

പുതുതായി രജിസ്ട്രേഷന്‍ നേടുന്ന ബസുകളും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്ന ബസുകളും പുതിയ നിറത്തിലേക്ക് മാറ്റണം. 2019 ഫെബ്രുവരിയോടെ നിറംമാറ്റം പൂര്‍ത്തിയാകും.

റോഡുകളുടെ അവസ്ഥയ്ക്കനുസരിച്ച് ബസുകളുടെ സമയം പുനഃക്രമീകരിക്കുന്നതു സംബന്ധിച്ച മോട്ടോര്‍വാഹന വകുപ്പ് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടും യോഗം പരിഗണിച്ചു. മത്സരയോട്ടം തടയാന്‍ നിലവിലെ സമയക്രമം മാറ്റാന്‍ യോഗം തീരുമാനിച്ചു. കെ.എസ്.ആര്‍.ടി.സി. എതിര്‍പ്പ് ഉന്നയിച്ച കാര്യങ്ങളില്‍ അന്തിമതീരുമാനം പുറത്തുവന്നിട്ടില്ല. ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കമ്മിഷണര്‍ അനില്‍കാന്ത്, എസ്.ടി.എ. അംഗം ആലിക്കോയ, സെക്രട്ടറി രാജീവ് പുത്തലത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഏകദേശം ഒരു വര്‍ഷം മുന്‍പ് കൊച്ചിയിലെ സിറ്റി ബസുകളുടെ ചുവപ്പ് നിറം മാറ്റി നീലയാക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇത് പച്ച നിറത്തിലേക്ക് മാറേണ്ടി വരും. തിരുവനന്തപുരത്ത് സിറ്റി ബസുകള്‍ക്കു നിലവില്‍ നീല നിറമാണ് ഉള്ളത്. എന്നാല്‍ കോഴിക്കോട് സിറ്റിയിലെ ബസുകള്‍ക്ക് നേരത്തെ തന്നെ പച്ചനിറം തന്നെയാണ്.

Similar Articles

Comments

Advertismentspot_img

Most Popular