ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രയേൽ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിർ രാജിവച്ചു. വെടിനിർത്തൽ കരാർ ഹമാസിന് മുന്നിലുള്ള കീഴടങ്ങലാണെന്ന് ആരോപിച്ചായിരുന്നു രാജി. ഒട്സ്മ യെഹൂദിത് പാർട്ടി നേതാവാണ് രാജിവച്ച ഇറ്റാമർ. ഇറ്റാമർ ബെൻഗ്വിറിനെക്കൂടാതെ പാർട്ടിയിലെ മറ്റ് അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്.
ഇറ്റാമറിനൊപ്പം ആറ് അംഗങ്ങളാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. ഇതോടെ, 120 അംഗ സഭയിൽ നെതന്യാഹു സർക്കാരിന്റെ ഭൂരിപക്ഷം 68 ൽ നിന്ന് 62 ആയി കുറഞ്ഞു. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. ഇതോടെ നെതന്യാഹുവിന്റെ സർക്കാർ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന.
അതേസമയം, നെതന്യാഹു സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കില്ലെന്ന് പാർട്ടി വ്യക്തമാക്കി. വെടിവനിർത്തൽ കരാർ നിലവിൽ വന്നാൽ താൻ രാജിവയ്ക്കുമെന്ന് ഇറ്റാമർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധത്തിൽ ഇസ്രയേൽ സൈന്യം കൈവരിച്ച നേട്ടങ്ങൾ നിരാകരിക്കുന്നതിന് തുല്യമാണ് വെടിനിർത്തൽ കരാറെന്ന് ഒട്സ്മ യെഹൂദിത് പാർട്ടി ഔദ്യോഗിക കുറിപ്പ് പുറത്തുവിട്ടു. “ഈ നീക്കത്തെ അപലപിക്കുന്നു. ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണ് ഇപ്പോഴത്തെ നടപടി. നൂറുകണക്കിന് കൊലപാതകികളുടെ മോചനമാണ് ഇതുവഴി സംഭവിക്കുന്നത്” എന്നും കുറിപ്പിൽ പറയുന്നു.
15 മാസങ്ങൾക്കു ശേഷം ഞായറാഴ്ച വൈകീട്ടോടെയാണ് ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് കരാർ നിലവിൽവന്നത്. ആദ്യഘട്ട വെടിനിർത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കും. ഇതിൽ മൂന്നുപേരെയാണ് ഞായറാഴ്ച വിട്ടയയ്ക്കുന്നത്. മൂന്നു വനിതകളെയാണ് ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുക. അതേസമയം മോചിപ്പിക്കുന്ന 737 പലസ്തീൻ തടവുകാരുടെ വിശദാംശങ്ങൾ ഇസ്രയേൽ നീതിന്യായവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ആദ്യസംഘത്തിൽ 95 പേരുണ്ടാകും.
വെടിനിർത്തൽ പ്രാബല്യത്തിൽ, 15 മാസം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിനും അശാന്തിക്കുമൊടുവിൽ ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ, ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടു, ആദ്യ ഘട്ടം മോചിപ്പിക്കുക ഇസ്രയേൽ വനിതാ സൈനികരെ