ജറുസലേം: ഗാസയിലെ വെടിനിർത്തലിനും ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരുടെ മോചനവുമാവശ്യപ്പെട്ടുള്ള വെടിനിർത്തൽ കരാറിൻ്റെ കരടുരേഖ മധ്യസ്ഥരായ ഖത്തർ ഇസ്രയേൽ-ഹമാസ് അധികൃതർക്ക് കൈമാറി. 15 മാസം നീണ്ട ഇസ്രയേൽ–ഹമാസ് യുദ്ധത്തിലെ നിർണായക നീക്കമാണിത്. യുഎസിൽ ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതിനു മുന്നോടിയായാണു തിരക്കിട്ട നീക്കം. ചർച്ചയിൽ വലിയ പുരോഗതിയുണ്ടായതായി ഉദ്യോഗസ്ഥരും അറിയിച്ചു. യുദ്ധമാരംഭിച്ചതിനുശേഷം ആദ്യമായി ഇസ്രയേൽ, ഹമാസ് പ്രതിനിധികൾ ഒരേ കെട്ടിടത്തിൽ ചർച്ച നടത്തിയെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറു മണിക്കൂറോളമാണ് ചർച്ച നീണ്ടത്.
ആദ്യഘട്ടത്തിൽ, ഹമാസ് ബന്ദികളാക്കിയവരിൽ 33 പേരെ മോചിപ്പിക്കും. കുട്ടികൾ, സൈനികരുൾപ്പെടെയുള്ള സ്ത്രീകൾ, 50നു മുകളിൽ പ്രായമുള്ള പുരുഷന്മാർ, പരുക്കേറ്റവരും അസുഖ ബാധിതരും തുടങ്ങിയവരെയാണ് ആദ്യം മോചിപ്പിക്കുക. ബന്ദികളിൽ ഭൂരിഭാഗവും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഇസ്രയേൽ കരുതുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഹമാസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
കരാറിന്റെ ആദ്യദിവസം 3 പേരെയാണു മോചിപ്പിക്കുക. അതിനുപിന്നാലെ ജനവാസമേഖലയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറിത്തുടങ്ങും. ഏഴാം ദിവസം 4 ബന്ദികളെക്കൂടി മോചിപ്പിക്കും. ഇതിനുപിന്നാലെ ദക്ഷിണ ഗാസയിലേക്ക് പലായനം ചെയ്തവരെ ഉത്തരഗാസയിലേക്ക് തിരികെ പ്രവേശിപ്പിക്കും. എക്സ്റേ മെഷീനിലൂടെ നിരീക്ഷിച്ചാകും ഇവരെ കടത്തിവിടുക. ആയുധങ്ങളില്ലെന്ന് ഉറപ്പാക്കാനാണ് ഇത്. ആദ്യഘട്ട ബന്ദിമോചനം കരാർപ്രകാരം നടന്നാൽ, കരാർ നിലവിൽ വന്ന 16ാം ദിവസം മുതൽ രണ്ടാംഘട്ട ബന്ദിമോചനത്തിനായുള്ള ചർച്ചകൾ തുടങ്ങും. ഹമാസ് തടവിലുള്ള സൈനികർ, മറ്റ് പുരുഷന്മാർ, കൊല്ലപ്പെട്ടവരുടെ മൃതദേഹം എന്നിവ കൈമാറാനുള്ളതാണ് രണ്ടാംഘട്ടം.
സൈനിക പിന്മാറ്റം
ഗാസയുമായുള്ള അതിർത്തി നഗരങ്ങളിലും ഗ്രാമങ്ങളിലും സൈന്യത്തെ നിലനിർത്തിക്കൊണ്ട് മറ്റു ഭാഗങ്ങളിൽനിന്ന് ഇസ്രയേൽ സേന ഘട്ടംഘട്ടമായി പിൻവാങ്ങും. അതേസമയം, ഗാസയുടെ തെക്കൻ മുനമ്പായ ഫിലാഡെൽഫി ഇടനാഴിയിൽ സൈന്യം തുടരുകയും തെക്കുവടക്ക് അതിർത്തികളിൽനിന്ന് 800 മീറ്റർ ബഫർ സോണായി പ്രഖ്യാപിക്കുകയും ചെയ്യും. 42 ദിവസത്തേക്കുള്ള സംവിധാനമാണിത്. അതിനുശേഷം ഫിലാഡെൽഫി ഇടനാഴിയിൽനിന്നും സൈന്യം പിന്മാറും. മധ്യഗാസയിലെ നെറ്റ്‌സരിം ഇടനാഴിയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറും. പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കണം. 1000 പേരെയാണ് വിട്ടുനൽകേണ്ടത്. ഇതിനു പകരമായി 34 ബന്ദികളെ ഹമാസ് മോചിപ്പിക്കും. അതേസമയം, ഒക്ടോബർ 7ലെ ഇസ്രയേൽ ആക്രമണത്തിന്റെ ഭാഗമായ ഹമാസ് പ്രവർത്തകരെ മോചിപ്പിക്കില്ല.
സഹായം വർധിപ്പിക്കൽ
ഗാസയ്ക്കുള്ള മനുഷ്യത്വപരമായ സഹായത്തിൽ വലിയ വർധനവുണ്ടാകും. ഗാസ ജനത വലിയ മനുഷ്യാവകാശ പ്രതിസന്ധി നേരിടുന്നതായി യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസയിലേക്ക് സഹായമെത്തിക്കാൻ ഇസ്രയേൽ അനുമതി നൽകും.
ഗാസയെ ആര് ഭരിക്കും
യുദ്ധത്തിനും വെടിനിർത്തലിനുംശേഷം ഗാസയെ ആരാണ് ഭരിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇക്കാര്യം വെടിനിർത്തൽ ചർച്ചകളിലും ഉയർന്നിട്ടില്ല. ഹമാസിനെ ഗാസ ഭരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഇസ്രയേൽ വെസ്റ്റ് ബാങ്ക് ഭരിക്കുന്ന പലസ്തീൻ അതോറിറ്റിയെയും അംഗീകരിക്കുന്നില്ല. ഗാസ പലസ്തീൻകാർ തന്നെ ഭരിക്കട്ടെയെന്നാണ് രാജ്യാന്തര സമൂഹം പറയുന്നത്. എന്നാൽ ഹമാസും പലസ്തീൻ അതോറിറ്റിയും ഒഴികെ മറ്റ് സംഘടനകളെയോ നേതാക്കളെയോ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളൊക്കെയും പരാജയപ്പെട്ടിരുന്നു.
Israel-Hamas War: Breakthrough in Ceasefire Talks Prisoners to be Released. Qatar mediatess Gaza Ceasefire Agreement World News Israel Palestine Conflict israel qatar Gaza Strip