ചെന്നൈ: ഫെബ്രുവരി ഒന്നുമുതൽ ചെന്നൈ നഗരത്തിൽ ഓട്ടോറിക്ഷാ നിരക്കു വർധന പ്രഖ്യാപിച്ച് ഓട്ടോ ഡ്രൈവർമാരുടെ സംഘടനകളുടെ കൂട്ടായ്മ. 2013ൽ സർക്കാർ നിശ്ചയിച്ച നിരക്കുകൾ 12 വർഷത്തിനു ശേഷവും പുതുക്കി നിശ്ചയിക്കാത്തതിനെ തുടർന്നാണ് ഓട്ടോ ഡ്രൈവർമാർ നിരക്കുവർധന പ്രഖ്യാപിച്ചത്. മിനിമം നിരക്ക് 50 രൂപയായിരിക്കും. ആദ്യ 1.8 കിലോമീറ്ററിന് 50 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപ വീതവുമാകും പുതിയ നിരക്ക്. മിനിറ്റിന് 1.50 രൂപ വെയ്റ്റിങ് ചാർജ് ഈടാക്കും.
രാത്രി 11 മുതൽ രാവിലെ 5 വരെയുള്ള സമയത്ത് 50 ശതമാനം അധിക നിരക്കും ഈടാക്കുമെന്നാണു പ്രഖ്യാപനം. എന്നാൽ ഇതു സംബന്ധിച്ച ഉത്തരവുകളൊന്നും സർക്കാർ പുറത്തിറക്കിയിട്ടില്ല. 2022 ഫെബ്രുവരിക്കുള്ളിൽ ഓട്ടോ നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന കോടതി നിർദേശവും സർക്കാർ നടപ്പാക്കിയില്ലെന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിച്ചു. കോടതി നിർദേശത്തെ തുടർന്നു ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ പലവട്ടം ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. 12 വർഷമായി നിരക്കു വർധിപ്പിക്കാത്തതിനെ തുടർന്ന് മീറ്ററിന് അനുസൃതമായി നിരക്ക് ഈടാക്കുന്ന രീതി തന്നെ മിക്ക ഡ്രൈവർമാരും ഉപേക്ഷിച്ച സ്ഥിതിയാണ്.
ഇക്കാലയളവിൽ ഇന്ധനവിലയിലും ഇൻഷുറൻസ്, ആർടിഒ ഫീസ്, സ്പെയർ പാർട്സുകളുടെ വില തുടങ്ങിയവയിലും വൻ വർധന ഉണ്ടായി. ഇത് കണക്കിലെടുത്താൽ കിലോമീറ്ററിന് 18 രൂപയെന്നതു പോലും കുറഞ്ഞ തുകയാണെന്നാണ് ഡ്രൈവ്രർമാരുടെ വാദം. 1.8 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് മിനിമം നിരക്ക് 25 രൂപയായും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപ വീതവുമായാണ് 2013ൽ ഓട്ടോ നിരക്ക് നിശ്ചയിച്ചിരുന്നത്. നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങളും സംഘടിപ്പിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഡ്രൈവർമാരുടെ 13 സംഘടനകളുടെ കോൺഫെഡറേഷൻ നിരക്ക് വർധന പ്രഖ്യാപിച്ചതെന്ന് നേതാക്കൾ പറഞ്ഞു.
മിനിമം നിരക്ക് 1.80 കിലോമീറ്റർ വരെ 40 രൂപയായും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയുമായി ഓട്ടോ നിരക്ക് വർധിപ്പിക്കാനുള്ള നിർദേശമാണ് ഗതാഗത വകുപ്പ് സർക്കാരിനു സമർപ്പിച്ചത്. ഇതോടൊപ്പം ബൈക്ക് ടാക്സി മാർഗരേഖകളും സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്. കിലോമീറ്ററിന് ഓട്ടോറിക്ഷകളെക്കാളും 10 രൂപ മുതൽ 12 രൂപ വരെ കുറവായിരിക്കും ബൈക്ക് ടാക്സി നിരക്കുകളെന്നാണ് സൂചന. ഓൺലൈൻ കമ്പനികളുൾപ്പെടെയുള്ള ടാക്സി സർവീസുകളിൽ ഡ്രൈവർമാരെ നിയമിക്കുന്നതു സംബന്ധിച്ചും കൃത്യമായ മാർഗരേഖകൾ നിർദേശത്തിലുണ്ട്. ചുരുങ്ങിയത് 2 വർഷമെങ്കിലും പരിചയ സമ്പത്തുള്ള ഡ്രൈവർമാരെ വേണം ടാക്സി ഡ്രൈവർമാരായി നിയമിക്കാൻ എന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. ഡ്രൈവർമാരുടെ പശ്ചാത്തലം സംബന്ധിച്ച് വിശദമായ പരിശോധന നിർബന്ധമാണ്. പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിക്കണം. കമ്പനികൾക്ക് 5 വർഷത്തേക്കുള്ള ലൈസൻസ് നിർബന്ധമാക്കും. 18 മാസമായി സർക്കാർ പരിഗണനയിലുള്ള വിഷയത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്ന് ഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.