ചെന്നൈ: ക്ഷേത്രഭണ്ഡാരത്തിൽ അബദ്ധത്തിൽ വീണ ഐഫോൺ തിരിച്ചുനൽകാൻ വിസമ്മതിച്ച് തമിഴ്‌നാട്ടിലെ തിരുപോരൂരിലെ അരുൾമിഗു കന്ദസ്വാമി ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്ര ഭണ്ഡാരത്തിൽ വീഴുന്ന എന്തും ദൈവത്തിന്റേതാണെന്ന വാദത്തിലാണ് ഭാരവാഹികൾ ഫോൺ ഉടമയ്ക്ക് തിരികെ നൽകാതിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സംഭവം ഇങ്ങനെ കഴിഞ്ഞ മാസം വിനായകപുരം സ്വദേശി ദിനേശും കുടുംബവും ചെന്നൈക്കടുത്ത് തിരുപോരൂരിലെ അരുൾമിഗു കന്ദസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. പൂജയ്ക്ക്‌ശേഷം ദിനേശ് ഭണ്ഡാരത്തിൽ പണമിടാനായി പോയി. ഷർട്ടിന്റെ പോക്കറ്റിൽനിന്ന് നോട്ടുകൾ എടുക്കുന്നതിനിടെ ഐഫോൺ ഭണ്ഡാരപ്പെട്ടിയിൽ വീണു. തുടർന്ന് ദിനേശ് ക്ഷേത്ര ഭാരവാഹികളെ സമീപിച്ചു. എന്നാൽ ഭണ്ഡാരത്തിൽ വഴിപാട് വച്ചാൽ അത് ദൈവത്തിന്റെ സ്വത്തായിമാറുമെന്ന മറുപടിയാണ് ലഭിച്ചത്.
മാത്രമല്ല, ആചാരമനുസരിച്ച് രണ്ട് മാസത്തിലൊരിക്കൽ മാത്രമേ ഭണ്ഡാരം തുറക്കുകയുള്ളൂവെന്നും ഭാരവാഹികൾ മറുപടി നൽകി. തുടർന്ന് ദിനേശ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് അധികൃതർക്ക് പരാതി നൽകി. ഇവരുടെ ഇടപെടലിൽ ഭണ്ഡാരപ്പെട്ട തുറക്കാൻ നിർദേശം ലഭിച്ചു.
തുടർന്ന് വെള്ളിയാഴ്ച ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറന്നു.എന്നാൽ ഫോൺ നൽകില്ലെന്നും സിമ്മും ഫോണിലെ അത്യാവശ്യ ഡാറ്റയും എടുക്കാമെന്ന മറുപടിയാണ് ക്ഷേത്ര ഭാരവാഹികളിൽനിന്ന് ലഭിച്ചത്. എന്നാൽ ഇത് തനിക്ക് സ്വീകാര്യമല്ലെന്ന നിലപാടിലാണ് ദിനേശ്.
എന്നാൽ അങ്ങനെ അബദ്ധത്തിൽ ഫോൺ വീഴില്ലെന്ന നിലപാടിലാണ് ഭാരവാഹികൾ. ദിനേശ് ഫോൺ ഭണ്ഡാരപ്പെട്ടയിൽ ഇട്ടതാകാമെന്നും പിന്നീട് മനസ് മാറിയതാകാമെന്നുമുള്ള നിലപാടിലാണ് ക്ഷേത്ര ഭാരവാഹികൾ. ഭണ്ഡാരപ്പെട്ടി ഇരുമ്പ് കമ്പിനെറ്റ് കൊണ്ട് നന്നായി കവർ ചെയ്തതാണെന്നും അതിനാൽ ഫോൺ വീഴില്ലെന്നും ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസർ പറഞ്ഞു.