ന്യൂഡല്‍ഹി: കൂനൂരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ള മരിച്ച ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം അന്വേഷണം നടത്തുമെന്ന് പ്രതിരോധമന്ത്രിരാജ്നാഥ് സിങ് പറഞ്ഞു. അപകടം സംബന്ധിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തുകയായിരുന്നു പ്രതിരോധ മന്ത്രി. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ് സംഘത്തെ നയിക്കും. അന്വേഷണ സംഘം കഴിഞ്ഞ ദിവസംതന്നെ വെല്ലിടണിലെത്തി പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച 11.48ന് സൂലുരില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ 12.15ന് വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 12.08ന് സുലൂര്‍ എയര്‍ബേസുമായുള്ള ഹെലികോപ്റ്ററിന്റെ ബന്ധം നഷ്ടമായതായും രാജ്നാഥ് സിങ് പറഞ്ഞു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 പേരും മരിച്ചതായി പ്രതിരോധമന്ത്രി ഇരുസഭകളെയും അറിയിച്ചു. മരിച്ച സൈനികരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും അദ്ദേഹം ഇരുസഭകളിലും വായിച്ചു.
അപകടത്തില്‍ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റൈ ആരോഗ്യ നില ഗുരുതരമാണ്. അദ്ദേഹത്തെത്തിന്റെ ജീവന് രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ബിപിന്‍ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച പൂര്‍ണ സൈനിക ബഹുമതികളോടെ നടക്കും. മറ്റു സൈനികരുടെ മൃതദേഹവും നാട്ടിലെത്തിച്ച് സൈനിക ബഹുമതികളോടെ സംസ്കരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.