ന്യൂഡല്‍ഹി : ഗല്‍വാന്‍ താഴ്വരയില് ചൈനീസ് കടന്നുകയറ്റമുണ്ടായില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളെ വെട്ടിലാക്കി. കടന്നുകയറ്റമുണ്ടായില്ലെന്ന ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്
വിഷയം നയതന്ത്രപരമായി സുപ്രധാനമായിരുന്നിട്ടും പ്രധാനമന്ത്രിയുടെ സര്‍വകക്ഷിയോഗ പ്രസംഗം തങ്ങളുടെ പരിശോധനയ്ക്കു നല്‍കിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. പ്രസ്താവനയുണ്ടായി 12 മണിക്കൂറിനുശേഷം മാത്രം പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണക്കുറിപ്പ് ഇറക്കിയതിന്റെ ഔചിത്യവും വിദേശകാര്യ മന്ത്രാലയം ചോദ്യം ചെയ്യുന്നു. ഗല്‍വാന്‍ താഴ്വരയ്ക്ക് അവകാശവാദമുന്നയിച്ച് ചൈനയുടെ പ്രസ്താവന വന്നശേഷമാണ് വിശദീകരണക്കുറിപ്പിറക്കിയത്.
ചൈനയുമായുണ്ടായ സംഘര്‍ഷം സംബന്ധിച്ച നിലപാടില്‍ പ്രധാനമന്ത്രിയുടെ ഓഫിസ്, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവ തമ്മില്‍ ഏകോപനമില്ലെന്നു വ്യക്തമാക്കുന്നതാണ് മോദിയുടെ പരാമര്‍ശത്തെച്ചൊല്ലിയുള്ള വിവാദം. കടന്നുകയറ്റമുണ്ടായെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രിയോടു വ്യക്തമാക്കിയതാണെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ ഉച്ചതിരിഞ്ഞ് വീണ്ടും പ്രസ്താവനയിറക്കിയതുതന്നെ അതിനു തെളിവാണ്. കടന്നുകയറ്റമുണ്ടായില്ലെന്ന രാഷ്ട്രീയവാദം നയതന്ത്രപരമായി ഇന്ത്യയ്ക്കു ദോഷം ചെയ്യുമെന്നും അതൊഴിവാക്കാന്കൂടിയാണ് ജയശങ്കര്‍ പറഞ്ഞത് ഓര്‍മിപ്പിച്ചുള്ള പ്രസ്താവനയെന്നുമാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റമുണ്ടായിട്ടില്ലെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുതന്നെയാണ് പ്രധാനമന്ത്രിയും പറഞ്ഞത്. ഇപ്പോള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ചൈനക്കാര്‍ ഇല്ലെന്നും സൈനിക പോസ്റ്റുകളൊന്നും അവര്‍ പിടിച്ചെടുത്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
കടന്നുകയറ്റമുണ്ടായില്ലെന്ന പരാമര്‍ശം ദോഷകരമാണെന്ന തിരിച്ചറിവ് വൈകിയാണെങ്കിലും സര്‍ക്കാരിനുണ്ടായി എന്നാണു സൂചന. ഗല്‍വാന്‍ താഴ്വരയില് നിയന്ത്രണ രേഖ (എല്‍എസി) മാനിക്കുകയെന്ന ധാരണ ചൈനീസ് സൈന്യം ലംഘിച്ചതാണ് സംഘര്ഷകാരണമെന്ന് അമിത് മാളവ്യയെ തിരുത്തിയെന്നോണം വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം, പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് സര്‍ക്കാര്‍ പുറത്തുവിട്ടതില്‍, കടന്നുകയറ്റമുണ്ടായില്ല എന്ന ഭാഗം ഒഴിവാക്കി.
പ്രധാനമന്ത്രി പറഞ്ഞതാണ് ശരിയെങ്കില്‍ എവിടെവച്ചാണ് ഏറ്റുമുട്ടലുണ്ടായതെന്നും ഇന്ത്യന്‍ സൈന്യമാണോ എല്‍എസി ലംഘിച്ചതെന്നുമുള്ള ചോദ്യമാണ് രാഷ്ട്രീയ കക്ഷികള്‍ മാത്രമല്ല, നയതന്ത്ര സുരക്ഷാ വിദഗ്ധരും ഉന്നയിച്ചത്.
കടന്നുകയറ്റമുണ്ടായെന്ന് ആദ്യം ഔദ്യോഗികമായി പറഞ്ഞത് പ്രതിരോധ മന്ത്രിയാണ്. കടന്നുകയറ്റമുണ്ടായില്ല എന്നാണ് ഔദ്യോഗിക നിലപാടെങ്കില്‍ അത് ഇന്ത്യന്‍ സൈന്യം എല്‍എസി കടന്നു എന്നുകൂടിയാണ്. അല്ലെങ്കില്‍, രണ്ടു കൂട്ടരും അവകാശമുന്നയിക്കുന്ന പ്രദേശത്തെ ചൈനീസ് നിര്‍മാണത്തെക്കുറിച്ചാണ് തര്‍ക്കമുണ്ടായതെന്നും തുടര്‍ന്നായിരുന്നു സംഘര്‍ഷമെന്നും വിലയിരുത്തണം.
ലഡാക്ക് മുതല്‍ അരുണാചല്‍ വരെ അതിര്‍ത്തി സംബന്ധിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും ഭിന്ന കാഴ്ചപ്പാടുള്ള പ്രദേശങ്ങള്‍ (എഡിപി) 23 എണ്ണമുണ്ട്. ഈ പട്ടികയില്‍ ഗല്‍വാന്‍ ഇല്ല. അതുകൊണ്ടുകൂടിയാണ്, ഗല്‍വാനിലെ ഏറ്റുമുട്ടലിനെക്കുറിച്ചു പറയുമ്പോള്‍, കടന്നുകയറ്റമുണ്ടായില്ല എന്ന പരമാര്‍ശം നിലപാടുപരമായും നയതന്ത്രപരമായും പ്രശ്നമാകുന്നത്.
ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റമുണ്ടായില്ലെന്ന പ്രധാനമന്ത്രിയുടെ പരമാര്‍ശം സൈനികതലങ്ങളിലും അതൃപ്തിയുണ്ടാക്കിയെന്നാണു സൂചന. കടന്നുകയറിയത് ഇന്ത്യന്‍ സൈന്യമാണെന്നും അങ്ങനെയാണു സംഘര്‍ഷമുണ്ടായതെന്നും പ്രതീതിയുണ്ടാകുന്നതായാണു വിലയിരുത്തല്‍. പ്രതിരോധമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം
മന്ത്രാലയങ്ങള്‍ തമ്മില്‍ ഏകോപനമില്ലെന്നു തോന്നിപ്പിക്കുംവിധമുണ്ടായ നടപടി പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പിഴവെന്നാണു സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യോഗത്തില്‍ പങ്കെടുത്തവരുടെ പട്ടിക അനൗദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിട്ടതില്‍ ബിജെഡിയെ പ്രതിനിധീകരിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പങ്കെടുത്തെന്നാണു വ്യക്തമാക്കിയത്. പിനാകി മിശ്രയായിരുന്നു പങ്കെടുത്തത്.
follow us pathramonline LATEST NEWS