കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നോക്കുകൂലി പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം വഴിവിട്ട നടപടികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അംഗീകൃത കൂലിക്ക് അര്‍ഹതയുണ്ടെങ്കില്‍ മാത്രമേ അത് ലഭിക്കുകയുള്ളൂ.അനാവശ്യമായി ഒന്നും ആഗ്രഹിക്കുന്ന നില ആരിലും ഉണ്ടാകരുത്. അങ്ങനെ സംഭവിച്ചാല്‍ ശക്തമായ നടപടിക്ക് പൊലീസിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന കൊവിഡ് 19 അവലോകന യോഗശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
നമ്മുടെ സമൂഹം നേരത്തേ ഒഴിവാക്കിയ ഒരു പ്രവണത തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ഈ ഘട്ടത്തിലെ വേറൊരു പ്രശ്‌നം. അതാണ് തിരുവല്ലയില്‍ കണ്ടത്. സണ്‍ ഫഌറുമായി ലോറി വന്നപ്പോള്‍ ചരക്ക് ഇറക്കണമെങ്കില്‍ നോക്കുകൂലി വേണമെന്ന് ചിലര്‍ നിര്‍ബന്ധിക്കുന്ന അവസ്ഥയുണ്ടായി. നോക്കുകൂലി സമ്പ്രദായത്തെ കേരളത്തിലെ എല്ലാ സംഘടിത തൊഴിലാളി യൂണിയനുകളും തള്ളിപ്പറഞ്ഞതും അവസാനിപ്പിച്ചതുമാണ്. ഏതെങ്കിലും ഒരാള്‍ നോക്കുകൂലി ആവശ്യപ്പെടുന്ന നില വന്നാല്‍ നടപടി എടുക്കണമെന്നാണ് പൊതു ധാരണ.
ഇത്തരമൊരു ഘട്ടത്തില്‍ നോക്കുകൂലി വീണ്ടും പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കയ്യും കെട്ടി നോക്കിയിരിക്കാനാകില്ല. ഫലപ്രദമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മറ്റ് ചിലയിടത്തും ചരക്കുകള്‍ ഇറക്കാന്‍ നോക്കുകൂലി ആവശ്യപ്പെടുന്ന അവസ്ഥയുണ്ടായി.അത്തരം വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് മാറി നില്‍ക്കണം. അംഗീകൃത കൂലിക്ക് അര്‍ഹതയുണ്ടെങ്കില്‍ മാത്രമേ അത് ലഭിക്കുകയുള്ളൂ. അനാവശ്യമായി ഒന്നും ആഗ്രഹിക്കുന്ന നില ആരിലും ഉണ്ടാകരുത്. ഉണ്ടായാല്‍ അത് സമ്മതിക്കാതിരിക്കുന്നതിന് ശക്തമായ നടപടി വേണമെങ്കില്‍ സ്വീകരിക്കണമെന്നാണ് പൊലീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്.