ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് നിയമപരമായ സാധുതയുണ്ടെന്ന് സുപ്രീംകോടതിയുടെ നിര്‍ണായകവിധി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വധശിക്ഷ നിലനിര്‍ത്തണമോയെന്ന കാര്യത്തില്‍ വാദങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ണായവിധി.
വധശിക്ഷയുടെ നിയമസാധുത പരിശോധിച്ച മൂന്നംഗബെഞ്ചില്‍ രണ്ടു പേര്‍ അനുകൂലിച്ചതോടെയാണ് ബുധനാഴ്ച കോടതി വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ദീപക് ഗുപ്ത, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വധക്ഷശിക്ഷ നിലനില്‍ക്കുമോയെന്ന കാര്യം പരിശോധിച്ചത്. ഇതില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് വധശിക്ഷ ആവശ്യമില്ല എന്ന് അഭിപ്രായപ്പെട്ടു. വധശിക്ഷ നല്‍കുന്നത് കൊണ്ട് സമൂഹത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവു വരുന്നില്ലെന്ന നിയമകമ്മീഷന്റെ 262 -ാംറിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചാണ് ബെഞ്ചിലെ മുതിര്‍ന്ന അംഗമായ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇതിനെ എതിര്‍ത്തത്.
പൊതുജനാഭിപ്രായവും പൊതുതാല്‍പര്യവും അന്വേഷണ ഏജന്‍സികളില്‍ ചെലുത്തുന്ന സ്വാധീനം കോടതി വിചാരണകളില്‍ പ്രതിഫലനം സൃഷ്ടിക്കുമെന്നും അങ്ങനെയാണ് പല സന്ദര്‍ഭങ്ങളിലും വധശിക്ഷ നല്‍കാനിടയാകുന്നതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി.
വധശിക്ഷയുടെ കാര്യത്തില്‍ തിരുത്തലുകളുടെ ആവശ്യമില്ലെന്ന് മൂന്നംഗബെഞ്ചിനെ പ്രതിനിധീകരിച്ച് ജസ്റ്റിസ് ദീപക് ഗുപ്ത പ്രസ്താവിച്ചു. അപൂര്‍വം കേസുകളില്‍ വധശിക്ഷ ഒഴിവാക്കാവുന്നതല്ലെന്നും ദീപക് ഗുപ്ത അഭിപ്രായപ്പെട്ടു.
2011 ല്‍ മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ ഛന്നുലാല്‍ വര്‍മയ്ക്ക് നല്‍കിയ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു കൊണ്ടുള്ള വിധിയെഴുതിയതിനൊപ്പമാണ് വധശിക്ഷയ്ക്ക് നിയമസാധുതയുണ്ടെന്ന് സുപ്രീംകോടതി കോടതി വ്യക്തമാക്കിയത്.