നിലപാടുകളുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് നടിയാണ് രാധിക ആപ്തെ. കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള ബോളിവുഡ് നടി രാധിക ആപ്തെയുടെ തുറന്നു പറച്ചിലുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള മറ്റൊരു അനുഭവം പങ്കുവെക്കുകയാണ് താരം. ഒരു സിനിമ ഷൂട്ടിനിടെ സെറ്റിലെ ജീവനക്കാരനില്‍ നിന്ന് മോശമായ പെരുമാറ്റമുണ്ടായി എന്നാണ് താരം പറയുന്നത്.
ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരു ജോലിക്കാരന് എനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അയാള്‍ എന്നോട് പറഞ്ഞു, അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കൂ, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഭാഗ്യവശാല്‍ എന്നോടൊപ്പം നിന്നു. അയാളെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്നോട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രമാണ് പ്രശ്നം അവസാനിപ്പിച്ചത്. രാധിക പറഞ്ഞു.
ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് താരം ഇത് വ്യക്തമാക്കിയത്. ഹോളിവുഡില്‍ തരംഗമായ മീറ്റു കാമ്പെയ്ന് ഇവിടെ വിജയിക്കാത്തതിന്റെ കാരണം അധികാരത്തിന് വേണ്ടിയുള്ള കളിയാണെന്നും താരം പറഞ്ഞു. മതപരമായതോ ലൈംഗികമായതോ സാമ്പത്തികമായതോ ആയിക്കൊള്ളട്ടെ മറ്റൊരാള്‍ക്കു മേല്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും രാധിക കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും അത്തരം ആക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും താരം പറഞ്ഞു.