ചങ്ങരംകുളം: മലപ്പുറത്ത് യുവതിക്ക് നേരെ മുൻഭർത്താവിന്റെ ക്രൂരമർദനം. ചങ്ങരംകുളം എടപ്പാൾ റോഡിൽ പ്രവർത്തിക്കുന്ന പർദ്ദ സെന്ററിലെ ജീവനക്കാരിയായ യുവതിക്കാണ് ജോലിസ്ഥലത്ത് വെച്ച് മർദനമേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച കടയുടമയ്ക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പാവിട്ടപ്പുറം സ്വദേശിയായ അഷറഫിനെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. യുവതിയും അഷറഫും തമ്മിൽ മുൻപ് പലവിധ തർക്കങ്ങൾ നിലനിന്നിരുന്നതായും, ഇതിനെത്തുടർന്ന് ഇവർ നിയമപരമായി വിവാഹമോചനം നേടിയിരുന്നതായും പൊലീസ് പറയുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി യുവതി ജോലി ചെയ്യുന്ന കടയിലെത്തി അക്രമമഴിച്ചുവിട്ടത്. യുവതിയെ പ്രതി ക്രൂരമായി മർദിക്കുന്നത് കണ്ട് തടയാൻ ചെന്ന കടയുടമയ്ക്കും മർദനമേൽക്കുകയായിരുന്നു.
















































