ലഖ്നൗ: ഉത്തർപ്രദേശിൽ ലിവ് -ഇൻ പാട്ണറെ യുവതി വെടിവച്ചു കൊന്നു. ബിജ്‌നോറിലെ ജുലാഹാപൂരിലാണ് സംഭവം. പ്രദേശവാസിയായ അനുജ് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. അനുജിനെ ലിവ്-ഇൻ പങ്കാളി ശോഭ റാണിയാണ് കൊലചെയ്തതെന്ന പൊലീസ് പറയുന്നു.
ഏപ്രിൽ 28 രാത്രിയാണ് അനുജ് വെടിയെറ്റ് മരിച്ചത്. അനുജിൽ നിന്ന് നേരിട്ട ക്രൂരമായ പീഡനങ്ങളാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് ശോഭയുടെ മൊഴി. ശോഭയുടെ ആക്ഷേപകരമായ വീഡിയോകൾ പകർത്തി അനുജ് അവരെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നു. ലൈംഗിക പ്രവൃത്തികൾക്ക് വഴങ്ങിയില്ലെങ്കിൽ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. പതിവായി പണം ആവശ്യപ്പെടുകയും നൽകാത്തപ്പോൾ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.
ശോഭയുടെ 10 വയസ്സുള്ള മകളോട് അനുജ് ദുരുദ്ദേശ്യത്തോടെ പെരുമാറിയിരുന്നു. കൂടാതെ ശോഭയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾ നേരത്തെ ജയിലിൽ കിടന്നിട്ടുണ്ട്. ഏപ്രിൽ 28-ന് അനുജ് ശോഭയെ ഒരു വിജനമായ സ്ഥലത്ത് എത്തിച്ച് ക്രൂരമായി മർദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും ശോഭ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പീഡനത്തിനൊടുവിൽ ആദ്യം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെങ്കിലും, തന്റെ മകളുടെ സുരക്ഷ ഓർത്താണ് അനുജിനെ വധിക്കാൻ ശോഭ തീരുമാനിച്ചത്.
അനുജിന്റെ കൈവശമുണ്ടായിരുന്ന നാടൻ തോക്ക് തട്ടിപ്പറിഞ്ഞ ശോഭ, അയാളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എസ്പി (റൂറൽ) പ്രകാശ് കുമാറിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. സംശയത്തെത്തുടർന്ന് ചോദ്യം ചെയ്ത ശോഭ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.


















































