മലപ്പുറം: 10 മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്‌പെൻഷൻ. മലപ്പുറം പെരിന്തൽമണ്ണ അർബൻ ബാങ്ക് മൂർക്കനാട് ശാഖയിലെ ജീവനക്കാരൻ കെ.ടി നൗഫലിനെയാണ് അന്വേഷണ വിധേയമായി ബാങ്ക് സസ്‌പെൻഡ് ചെയ്തത്. സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമാണ് നൗഫൽ. സംഭവത്തിന് പിന്നാലെ നൗഫലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
മൂർക്കനാട് സ്വദേശിയായ വീട്ടമ്മയുടെ വിധവാ പെൻഷൻ ഇയാൾ വ്യാജ ഒപ്പിട്ട് ബാങ്കിൽ നിന്ന് കൈപ്പറ്റി എന്നാണ് പരാതി. കഴിഞ്ഞ നവംബർ മുതൽ ഈ വർഷം ആഗസ്റ്റ് വരെയുള്ള പത്തുമാസത്തെ പെൻഷൻ തുകയായ 20,000 രൂപയാണു ഇയാൾ തട്ടിയെടുത്തത്. തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകി.






