വൈക്കം: സിഐ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി സിഐ പി.എ. ഷമീർഖാൻ. കഴിഞ്ഞ 45 ദിവസത്തിനിടെ സിഐ 2.28 ലക്ഷം രൂപ ഗൂഗിൾ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് എത്തിച്ചതായി വിജിലൻസ് കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് വിജിലൻസ് സംഘം വൈക്കം സിഐ ഓഫിസിൽ മിന്നൽ പരിശോധനയ്ക്ക് എത്തിയത്. സെപ്റ്റംബർ ആദ്യമാണ് ഷമീർഖാൻ വൈക്കം സിഐ ആയി ചുമതലയേറ്റത്. അഞ്ചാം തീയതി ഇയാൾ അസം സ്വദേശിയായ ജോഗറ്റ് ജൊഗോയ് എന്നയാളെക്കൊണ്ട് വൈക്കത്തെ പൊതുമേഖലാ ബാങ്കിൽ അക്കൗണ്ട് എടുപ്പിച്ചു. ഈ അക്കൗണ്ടിൽ നൽകിയിരിക്കുന്നത് വൈക്കം സ്വദേശിയുടെ പേരിൽ എടുത്തിട്ടുള്ള മൊബൈലിന്റെ നമ്പറാണ്. അസം സ്വദേശിയുടെ പേരിലുള്ള എടിഎം കാർഡും സിഐ സ്വന്തമാക്കി. മൊബൈൽ നമ്പർ ഉപയോഗിച്ച് മറ്റൊരു ഫോണിൽ യുപിഐ ഇടപാട് സൗകര്യവും ഷമീർഖാൻ ശരിയാക്കി.
പിന്നീടു ഇരകൾക്കായി വലവിരിച്ചു, സ്റ്റേഷനിൽ കേസുമായി എത്തുന്നവർ, മണ്ണ് മാഫിയ സംഘങ്ങൾ, മറ്റ് അനധികൃത ഇടപാട് നടത്തുന്നവർ തുടങ്ങിയവരോടു കൈക്കൂലിയായി ചോദിക്കുന്ന പണം ഈ നമ്പറിലേക്ക് ഇടാൻ ഇയാൾ ആവശ്യപ്പെടും. പണം വരുന്നത് മെസേജുവഴി അറിയുന്ന മുറയ്ക്ക് ഉടൻതന്നെ മാസ്ക്കും ഹെൽമറ്റും ധരിച്ച് ബൈക്കിലെത്തുന്ന സിഐ എടിഎം കൗണ്ടറുകളിലെത്തി പണം പിൻവലിക്കുകയാണു പതിവ്.
അതേസമയം വൈക്കം, ഉദയനാപുരം, കുറവിലങ്ങാട്, തലയോലപ്പറമ്പ് എന്നിങ്ങനെ വിവിധയിടങ്ങളിലെ എടിഎമ്മിൽ നിന്നാണ് പണം പിൻവലിച്ചിട്ടുള്ളത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും വിജിലൻസ് ശേഖരിച്ചു. ഇത്തരത്തിൽ വിവിധ ഇടപാടുകാരിൽനിന്ന് 3000 മുതൽ 30,000 രൂപവരെ സിഐ വാങ്ങിയതായി വിജിലൻസ് സംഘം കണ്ടെത്തി. വിജിലൻസ് സംഘം ഫോൺ പിടിച്ചെടുത്ത സമയത്തും 5000 രൂപ അക്കൗണ്ടിൽ എത്തി. ആലപ്പുഴ മേഖലയിലേക്ക് അനധികൃതമായി മണ്ണ് കൊണ്ടുപോയിരുന്ന ടിപ്പർ ലോറിക്കാരിൽനിന്നാണ് പണം കൂടുതലും വാങ്ങിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പരിശോധന നടക്കുന്ന സമയം ഷമീർഖാൻ പോലീസ് സ്റ്റേഷൻ വളപ്പിലെ സിഐ ഓഫിസിൽ ഉണ്ടായിരുന്നു. അസം സ്വദേശിയുടെ പേരിലുള്ള എടിഎം കാർഡും വൈക്കം സ്വദേശിയുടെ പേരിലുള്ള സിം ഇട്ടിട്ടുള്ള ഫോണും റെയ്ഡിനിടെ വിജിലൻസ് സംഘം സിഐയിൽനിന്ന് പിടിച്ചെടുത്തതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്. അക്കൗണ്ടുള്ള ബാങ്ക് ശാഖയിൽ എത്തി വിജിലൻസ് സംഘം പരിശോധന നടത്തി. ഒന്നര മാസത്തിനിടെ വൈക്കം സ്റ്റേഷനിൽ ഉണ്ടായിട്ടുള്ള കേസുകൾ സംബന്ധിച്ചുള്ള രേഖകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. വിശദമായ പരിശോധന നടത്തിയാലേ പണം ആരൊക്കെയാണു നൽകിയതെന്നു വ്യക്തമാകൂ എന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം കോട്ടയം വിജിലൻസ് പോലീസ് സൂപ്രണ്ട് ആർ. ബിനുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി ടി.ആർ. പ്രദീപ്കുമാർ, ഇൻസ്പെക്ടർമാരായ സജു എസ്.ദാസ്, അനിൽകുമാർ, രമേശ് കുമാർ, മനു വി.നായർ, എസ്ഐമാരായ അനിൽ, രാജീവ്, എ എസ്ഐമാരായ ജോഷി ഇഗ്നേഷ്യസ്, രജീഷ്, അരുൺചന്ദ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി. സംഭവത്തെക്കുറിച്ച് വിജിലൻസ് ഡയറക്ടർക്കു റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് എസ്പി ആർ.ബിനു അറിയിച്ചു.
മന്ത്രിസഭ പോലും അറിഞ്ഞില്ലേ? 12,710 കോടിയുടെ ഭൂമി ഇടപാടിൽ വൻ ചോദ്യങ്ങൾ; കിഫ്ബി രേഖകൾ പുറത്ത്!