മിഷിഗൺ: ഗർഭിണിയായ മകളെ കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തെന്ന കേസിൽ പ്രതിയായ അമ്മയ്ക്ക് മകളുടെ പ്രതിശ്രുതവരനുമായി നേരത്തെ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് കോടതിയിൽ മൊഴി. 22കാരിയായ റെബേക്ക പാർക്കിനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ കോർട്ട്നി ബാർത്തലോമ്യു (41), ഭർത്താവ് ബ്രാഡ്ലി ബാർത്തലോമ്യു (48) എന്നിവർക്കെതിരായ പ്രാഥമിക വാദത്തിനിടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
2025 നവംബറിൽ കാണാതാകുമ്പോൾ റെബേക്ക 39 ആഴ്ച ഗർഭിണിയായിരുന്നു. കേസ് വിചാരണയ്ക്ക് പോകണമോ എന്ന് തീരുമാനിക്കുന്നതിനായി നടന്ന വാദത്തിനിടെ പ്രോസിക്യൂഷൻ നിരവധി തെളിവുകൾ കോടതിക്കു മുന്നിൽ ഹാജരാക്കി. റെബേക്കയുടെ പ്രതിശ്രുതവരനും ഗർഭസ്ഥ ശിശുവിന്റെ പിതാവുമായ റിച്ചാർഡ് ഫാർലറാണ് പ്രോസിക്യൂഷന്റെ ആദ്യ സാക്ഷി. കോർട്ട്നിയുമായി തനിക്ക് നേരത്തെ ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന് ഫാർലർ കോടതിയിൽ വെളിപ്പെടുത്തി. 2023 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയായിരുന്നു ഈ ബന്ധമെന്നും, റെബേക്കയുമായി താൻ ബന്ധം ആരംഭിക്കുന്നതിന് ഏകദേശം ഒരു മാസം മുമ്പാണ് ഇത് അവസാനിച്ചെന്നും അദ്ദേഹം മൊഴി നൽകി.
തങ്ങളുടെ ബന്ധത്തിനിടെ കോർട്ട്നി മറ്റൊരു കുഞ്ഞ് വേണമെന്ന് പറഞ്ഞിരുന്നതായും ഫാർലർ പറഞ്ഞു. മറ്റൊരു കുഞ്ഞിനെ വേണമെങ്കിലും തനിക്ക് പ്രസവിക്കാൻ കഴിയില്ലെന്നും കോർട്ട്നി പറഞ്ഞിരുന്നതായി അദ്ദേഹം മൊഴി നൽകി. റെബേക്കയെ കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള സംഭവങ്ങളും ഫാർലർ കോടതിയിൽ വിശദീകരിച്ചു. പൂർണ ഗർഭിണിയായിരുന്ന റെബേക്കയുടെ ബ്ലാഡർ പൊട്ടിയത് കാണാതാകുന്നതിന്റെ തലേദിവസം രാത്രിയിലായിരുന്നു. തുടർന്ന് ഒരു സുഹൃത്ത് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ യാത്രയ്ക്കിടെ കോർട്ട്നി വാഹനം തടയാൻ ശ്രമിക്കുകയും റെബേക്കയെ താൻ തന്നെ ആശുപത്രിയിലെത്തിക്കാമെന്ന് പറയുകയും ചെയ്തതായി ഫാർലർ മൊഴി നൽകി.
റെബേക്ക പിന്നീട് ആശുപത്രിയിലെത്തിയെങ്കിലും പ്രസവിക്കാതെ തന്നെ ഡിസ്ചാർജ് ചെയ്തു. അടുത്ത രാത്രി 18,000 ഡോളറിന്റെ ചെക്കിന്റെ ചിത്രം അയച്ചാണ് കോർട്ട്നി റെബേക്കയെ തന്റെ വീട്ടിലേക്ക് വിളിച്ചതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. മുത്തശ്ശിയിൽ നിന്ന് ലഭിച്ച പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട പണമാണ് ഇതെന്ന് കോർട്ട്നി പറഞ്ഞതായും അന്വേഷണ രേഖകളിൽ പറയുന്നു.
നവംബർ 3ന് അർധരാത്രിക്ക് തൊട്ടുമുമ്പാണ് റെബേക്കയെ അമ്മയുടെ വീട്ടിൽ അവസാനമായി കണ്ടത്. നവംബർ 25ന് മാനിസ്റ്റീ നാഷണൽ ഫോറസ്റ്റിൽ നിന്ന് റെബേക്കയുടെ മൃതദേഹം കണ്ടെത്തി. വീടിന് ഏതാനും മൈൽ അകലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഗർഭസ്ഥ ശിശുവിനെ കണ്ടെത്താനായില്ല.
റെബേക്കയെ കാണാതായതിന് ശേഷം ഫാർലറും കോർട്ട്നിയും തമ്മിൽ കൈമാറിയ 90ലധികം ടെക്സ്റ്റ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പാരമ്പര്യമായി ലഭിച്ച പണത്തിൽ നിന്ന് റെബേക്കയ്ക്ക് 2,000 ഡോളർ നൽകിയതായി കോർട്ട്നി സന്ദേശങ്ങളിൽ പറഞ്ഞിരുന്നതായി പ്രോസിക്യൂഷൻ ആരോപിച്ചു. എന്നാൽ റെബേക്ക വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നും താൻ ആ പണം കണ്ടിട്ടില്ലെന്നും ഫാർലർ മൊഴി നൽകി.പ്രോസിക്യൂഷന്റെ വാദമനുസരിച്ച്, കോർട്ട്നിയും ബ്രാഡ്ലിയും ചേർന്ന് റെബേക്കയെ വാഹനത്തിലേക്ക് ബലമായി കയറ്റുകയും പിന്നീട് വനപ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്തു.
ആദ്യഘട്ടത്തിൽ റെബേക്കയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്ന് കോർട്ട്നി നിഷേധിച്ചിരുന്നു. എന്നാൽ റെബേക്കയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം കോർട്ട്നിയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നതായി ലൊക്കേഷൻ ഡാറ്റ ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥർ ആ വാദം ഖണ്ഡിച്ചു. തുടർന്ന് കോർട്ട്നി മൊഴി മാറ്റിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
വാഹനത്തിൽ റെബേക്കയെ പിടിച്ചുവച്ചിരിക്കെ ബ്രാഡ്ലി കത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കോർട്ട്നി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. റെബേക്ക ജീവനോടെയിരിക്കെയാണ് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തതെന്നും അവർ പറഞ്ഞതായി അന്വേഷണ രേഖകളിൽ പറയുന്നു. എന്നാൽ കുഞ്ഞ് രക്ഷപ്പെട്ടില്ല. കുഞ്ഞിന്റെ അവശിഷ്ടങ്ങൾ പിന്നീട് ഒരു മാലിന്യപ്പെട്ടിയിൽ ഉപേക്ഷിച്ചതായും കോർട്ട്നി പറഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു.
തുടർന്ന് റെബേക്കയുടെ മൃതദേഹം ഒരു ചരിവിലൂടെ താഴേക്ക് തള്ളിയശേഷം ഇലകൾകൊണ്ട് മൂടിയതായും അന്വേഷണ രേഖകളിൽ പറയുന്നു. എന്നാൽ ബ്രാഡ്ലി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി വ്യത്യസ്തമായിരുന്നു. മറ്റൊരു കുഞ്ഞിനെ വേണമെന്ന ആഗ്രഹവും എന്നാൽ ഗർഭം ധരിക്കാൻ കഴിയാത്തതുമാണ് കോർട്ട്നിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബ്രാഡ്ലി ആരോപിച്ചു. ഈ വാദം കോർട്ട്നി നിഷേധിക്കുകയും കൊലപാതകത്തിന് ഉത്തരവാദി ബ്രാഡ്ലിയാണെന്ന് ആരോപിക്കുകയും ചെയ്തു.
കോർട്ട്നിക്കും ബ്രാഡ്ലിക്കും ഒന്നാം ഡിഗ്രി കൊലപാതകം, ഫെലണി മർഡർ, പീഡനം, പീഡനത്തിന് ഗൂഢാലോചന, ഗർഭിണിയായ വ്യക്തിക്കെതിരായ ആക്രമണം മൂലമുള്ള മരണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ഇതുവരെ കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. കേസിലെ പ്രാഥമിക വാദം നവംബർ 9ന് തുടരും.




