വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും ഭാര്യ ഉഷ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നു. ആൺകുഞ്ഞ് ജനിച്ച സന്തോഷവാർത്ത ജെ ഡി വാൻസ് സാമൂഹികമാധ്യമത്തിലൂടെയാണ് പങ്കുവെച്ചത്. കുഞ്ഞിന് അലേക് നീൽ വാൻസ് എന്നാണ് പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
മെറിലാൻഡിലെ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലായിരുന്നു ഉഷ വാൻസിന്റെ പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുഞ്ഞനിയനെ കാണാനായതിൽ മറ്റ് മക്കൾ അതിയായ സന്തോഷത്തിലാണെന്നും ജെ ഡി വാൻസ് കുറിച്ചു. മികച്ച പരിചരണം നൽകിയ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും അദ്ദേഹം നന്ദിയും അറിയിച്ചു.
ജെ ഡി വാൻസും ഇന്ത്യൻ വംശജയായ ഉഷ വാൻസും 2014-ലാണ് വിവാഹിതരായത്. ദമ്പതികളുടെ ആദ്യമകൻ ഇവാൻ വാൻസ് 2017-ലും രണ്ടാമത്തെ മകൻ വിവേക് വാൻസ് 2020-ലും ജനിച്ചു. 2021-ൽ മകൾ മിരാബെൽ വാൻസ് ജനിച്ചു. ഇപ്പോഴാണ് ദമ്പതികൾക്ക് നാലാമത്തെ കുഞ്ഞ് പിറന്നത്.
അതേസമയം, ഏകദേശം 150 വർഷത്തിനുശേഷമാണ് അമേരിക്കയിൽ പദവിയിലിരിക്കെ ഒരു വൈസ് പ്രസിഡന്റിന് കുഞ്ഞ് ജനിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

















































